ആവോലിയിലെ കനാൽ നിർമാണ മേഖലയ്ക്കു സമാന്തര പാതകൾ സംബന്ധിച്ച മുന്നറിയിപ്പിന് ആവശ്യമേറുന്നു…ഗതാഗതക്കുരുക്ക് അതിരൂക്ഷമായ സാഹചര്യത്തിലാണ് ആവശ്യമുയരുന്നത് …

വാഴക്കുളം: ആവോലിയിലെ കനാൽ നിർമാണ മേഖലയ്ക്കു സമാന്തര പാതകൾ സംബന്ധിച്ച മുന്നറിയിപ്പിന് ആവശ്യമേറുന്നു. ആവോലി സഹകരണ ബാങ്കിനു സമീപം കനാൽ പണി നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമായ സാഹചര്യത്തിലാണ് ആവശ്യമുയർന്നിട്ടുള്ളത്. തിരക്കേറിയ സംസ്ഥാന പാതയുടെ ഭാഗമായുള്ള ഇവിടെ റോഡു മുറിച്ച് കനാൽ പണി നടക്കുകയാണ്. റോഡിന്റെ പകുതി ഭാഗം ഗതാഗതം അടച്ച് പണി പൂർത്തീകരിച്ചിട്ടാണ് മറു ഭാഗം ഇപ്പോൾ അടച്ചിട്ടുള്ളത്.മുവാറ്റുപുഴ ഭാഗത്തേക്കു പോകുമ്പോഴുള്ള റോഡിന്റെ ഇടതു വശമാണ് ഇപ്പോൾ ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുള്ളത്.
ഒറ്റവരി ഗതാഗതത്തിനുള്ള സൗകര്യമേ ഈ ഭാഗത്തുളളൂ എന്നതിനാൽ കടുത്ത ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇരു വശത്തേക്കുമായി ഒരു കിലോ മീറ്ററോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സ്കൂൾ – ഓഫീസ് സമയങ്ങളിൽ അനിയന്ത്രിതമായും തിരക്ക് ഉണ്ടാകുന്നുണ്ട്. റോഡിന്റെ മറുവശത്ത്   ഗതാഗതമുണ്ടായിരുന്നപ്പോൾ വേഗത കുറച്ചായാലും ഒരേ സമയത്ത് ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നു പോകാമായിരുന്നതിനാൽ വാഹനക്കുരുക്ക് ഗണ്യമായി കുറവായിരുന്നു. ഗതാഗതം നിയന്ത്രിക്കുന്നത് കനാൽ നിർമാണ ജോലിക്കാർ തന്നെ ആയതിനാൽ വാഹന യാത്രികർ അവരുടെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി സമീപവാസികൾ പറയുന്നു. 
കനാൽ പണി നടക്കുന്നതു സംബന്ധിച്ച് വാഹന യാത്രികർക്കുള്ള മുന്നറിയിപ്പ് സംവിധാനം അപര്യാപ്തമാണെന്ന പരാതിയും നേരത്തേ തന്നെ ഉയർന്നിട്ടുള്ളതാണ്. ഇവിടെ നിർമാണം നടക്കുന്നത് അറിയാതെ എത്തുന്ന നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുമുണ്ട്.
കനാൽ നിർമാണം നടക്കുന്നതു സംബന്ധിച്ച് വേണ്ടത്ര അകലത്തിൽ വച്ചു തന്നെ മുന്നറിയിപ്പു നൽകണമെന്നും സമാന്തര യാത്രാ വഴികൾ അറിയിക്കുന്ന സൂചകങ്ങൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ആവോലി ഭാഗത്തുനിന്ന് വാഴാട്ടു വളവു വഴി വാഴക്കുളം ഭാഗത്തെത്താവുന്ന സമാന്തര വഴിയുണ്ട്. ആവോലിയിൽ നിന്നോ ആനിക്കാടു നിന്നോ പരീയ്ക്കപ്പീടിക കവലയിലേക്കും എത്താവുന്നതാണ്. ഇത്തരം വഴികൾ ഉപയോഗിക്കുന്നത് കനാൽ നിർമാണ പ്രദേശത്തെ ഗതാഗതക്കുരുക്കും പൊടിശല്യവും ഒരു പരിധി വരെ കുറയ്ക്കാനാകും. വാഹന യാത്രക്കാർക്ക്  ഈ വഴികൾ സംബന്ധിച്ച വ്യക്തമായ സൂചകങ്ങൾ സംസ്ഥാന പാതയിൽ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

Back to top button
error: Content is protected !!