ജനങ്ങളെ ഭീതിയിലാഴ്ത്തി മാറികയിൽ മോഷണം തുടരുന്നു

കൂത്താട്ടുകുളം : ജനങ്ങളെ ഭീതിയിലാഴ്ത്തി മാറികയില്‍ മോഷണ പരമ്പര. ഇന്നലെ മാറിക കവലക്ക് സമീപം ഉടുമ്പനാട്ട് മാത്യുവിന്‍റെ വീടിന്‍റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടന്നത്. രണ്ടു ദിവസമായി വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥനും ഭാര്യയും ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. വീടിനുള്ളില്‍ അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും, മേശയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും അപഹരിച്ചു. വീടിന്‍റെ പിന്‍വാതില്‍ തുറന്നു കിടക്കുന്നത് ഇന്നലെ രാവിലെ സമീപവാസിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മോഷണവിവരം പുറത്തറിഞ്ഞത്. പോലീസ് നായയും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ മാറിക കുഞ്ഞറക്കാട്ട് മത്തച്ചന്‍റെ വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. പ്രവാസി മലയാളി മാറിക ക്ലമന്‍റ് മാത്യുവിന്‍റെ അടച്ചിട്ട വീട് കുത്തിത്തുറന്നും മോഷണം നടന്നിരുന്നു എന്നാല്‍ വിലപിടിപ്പുള്ള ഒന്നും നഷ്ട്ടപ്പെട്ടിരുന്നില്ല. പുത്തന്‍പള്ളിത്താഴത്ത് ചേലയ്ക്കല്‍ ജോമോന്‍റെ ബേക്കറി കുത്തിത്തുറന്ന് 15000 രൂപയോളം കവര്‍ന്നിരുന്നു. മാറിക സജിയുടെ പലചരക്കുകട, റബര്‍ക്കട, മാറിക ക്ഷീരോത്പാദക സഹകരണ സംഘം എന്നിവിടങ്ങളിലും മോഷണശ്രമം നടന്നിരുന്നു. ഷട്ടറുകളുടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. മാറിക മേഖലയില്‍ നേരത്തെ ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടന്നിട്ടും പോലീസിന് മോഷ്ട്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഇവിടെ വിദേശമലയാളിയുടെ വീട് കുത്തിതുറന്ന് മോഷണം നടന്നിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മാറിക കടവുങ്കല്‍ ഉലഹന്നാന്‍ കെ.പീറ്ററുടെ ഇരുനില വീട് കുത്തി തുറന്നാണ് മോഷണം നടന്നത്. ബെഡ് റൂമില്‍ അലമാരയില്‍ സുക്ഷിച്ചിരുന്ന പതിനായിരം രൂപയും, വാച്ചും, മൂന്ന് മൊബൈല്‍ ഫോണുകളും, പഴയ ഡോളര്‍ കളക്ഷനും മോഷണം പോയിരുന്നു. അതിനു മുന്‍പ് മാറിക വലിയകണ്ടം പള്ളിത്താഴത്ത് വീടു കുത്തിത്തുറന്നു മോഷണം നടന്നിരുന്നു. റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ അയ്യംവേലില്‍ ഏബ്രഹാമിന്‍റെ വീടാണ് അന്ന് കുത്തിത്തുറന്നത്. രണ്ടാം തവണയാണ് ഇവിടെ കവര്‍ച്ച നടന്നത്. മൂന്നു വര്‍ഷം മുന്‍പു ഏബ്രഹാമിന്‍റെ വീട് കുത്തിത്തുറന്ന് കാല്‍ ലക്ഷത്തോളം രൂപയും സാമഗ്രികളും കവര്‍ച്ച ചെയ്തിരുന്നു. രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികൂടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Back to top button
error: Content is protected !!