കനാലിലെ കുത്തൊഴുക്കില്‍പെട്ട സുഹൃത്തിന് രക്ഷകനായ അല്‍ഫാസ് ബാവുവിനെ ആദരിച്ചു.

മൂവാറ്റുപുഴ: കനാലിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങിതാഴുകയായിരുന്ന സുഹൃത്തിനെ കനാലിലേയ്ക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തിയ അല്‍ഫാസ് ബാവുവിനെ മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുട മഹാമഹത്തോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തിലാണ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മേതല ഹൈലവല്‍ കനാലിലെ കുറ്റിലഞ്ഞി കനാല്‍ പാലത്തിന് സമീപം കനാലില്‍ വീണ ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസ്സൈനാരുടെ മകന്‍ ബാദുഷ(10) നെ മദ്രസയില്‍ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്ന ഓലിപ്പാറ ബാവു ഹസ്സന്റെ മകന്‍ ആല്‍ഫാസ് ബാവു(10) ആണ് രക്ഷപ്പെടുത്തിയത്. കുറ്റിലഞ്ഞി കനാല്‍ പാലത്തിന് സമീപം കനാലിന് അരികില്‍ നില്‍ക്കുകയായിരുന്ന ബാദുഷ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. മെയിന്‍ കനാലില്‍ നിറയെ വെള്ളവും ശക്തമായ ഒഴുക്കുമായിരുന്നു. കുത്തൊഴുക്കില്‍പെട്ട് ഒഴുകി വരികയായിരുന്ന ബാദുഷയെ കണ്ട പ്രദേശവാസിയായ മുസ്തഫ ആളുകളെ വിളിച്ച് കൂട്ടുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഈസമയം മദ്രസ വീട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അല്‍ഫാസ് കനാലിലേയ്ക്ക് എടുത്ത് ചാടി ബാദുഷയെ കരയ്ക്കടിപ്പിക്കുകയായിരുന്നു.നെല്ലിക്കുഴി അല്‍അമല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അല്‍ഫാസ് ബാവു. സമ്മേളനത്തില്‍ വഖഫ് ബോര്‍ഡ് ഇന്റിംഗ് മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു.
ചിത്രം- കനാലിലെ കുത്തൊഴുക്കില്‍പെട്ട സുഹൃത്തിന് രക്ഷകനായ അല്‍ഫാസ് ബാവുവിനെ എല്‍ദോ എബ്രഹാം എം.എല്‍.എ ഉപഹാരം നല്‍കുന്നു….പായിപ്ര കൃഷ്ണന്‍, പി.ജി.ശശികുമാരവര്‍മ്മ, പി.എ.ഷിഹാബ്, ഹസ്സന്‍ അഷറഫി, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വി.എ.ഷാജഹാന്‍, എം.പി.ഇബ്രാഹിം, കെ.എ.മുഹമ്മദ് ആസിഫ് എന്നിവര്‍ സമീപം.