വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുള്ള കണ്ടുപിടുത്തങ്ങളുമായി എംബിറ്റ്സ് എന്‍ജിനീറിംഗ് കോളജ് വിദ്യാര്‍ഥികള്‍

കോതമംഗലം : വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുള്ള  കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എന്‍ജിനീറിംഗ് കോളജ് വിദ്യാര്‍ഥികള്‍. ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന വൈദ്യുത കാറും, വാഹനത്തില്‍ നിന്നും വൈദ്യുത പവര്‍ ലൈനിലേക്ക്  വൈദ്യുതി നല്‍കാന്‍ കഴിയുന്ന വെഹിക്കിള്‍ ടു ഗ്രിഡ് സംവിധാനം ഉള്ള കാറുമാണ് കോളജിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗ് വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവര്‍ നിര്‍മ്മിച്ച വാഹനം പുനെയില്‍ നടന്ന കെപിഐറ്റി രാജ്യാന്തര മത്സരത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൂടാതെ അയ്യായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും യോഗ്യത നേടുകയും രാജ്യാന്തര തലത്തില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ നൂതന ആശയത്തിന് സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്ത് രണ്ട് കമ്പനികള്‍ വന്നത് ശ്രദ്ധേയമായ നേട്ടമായി. പഴയൊരു മാരുതി കാറിലാണ് ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന വാഹനം ഇവര്‍ സജ്ജമാക്കിയത്. കാറിന്‍റെ എന്‍ജിന്‍ ഭാഗം മാറ്റി പകരം 10 കിലോ വാട്ട് ശേഷിയുള്ള ബിഎല്‍ഡിസി മോട്ടോര്‍ വച്ചാണ് റെട്രോഫിറ്റഡ് ഇലക്ട്രിക്ക് കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ശബ്ദം കൊണ്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഈ വാഹനത്തെ നൂറു മീറ്ററിനുള്ളില്‍ നിന്നും  നിയന്ത്രിക്കാന്‍ സാധിക്കും. പഴയ വാഹനത്തിന്‍റെ ഗിയര്‍ ബോക്സ് നിലനിറുത്തിയിരിക്കുന്നതിനാല്‍ സാധാരണ വൈദ്യുത വാഹനങ്ങള്‍ നല്‍കുന്നതിലും കൂടുതല്‍ പവര്‍ നല്‍കാനാകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നാല് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വാഹനം ഒറ്റ ചാര്‍ജിങ്ങില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത വരെ വാഹനത്തിന് കൈവരിക്കാനാകും. പഴയ വാഹനങ്ങളില്‍ ഇത്തരം സംവിധാനം ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അനുമതി ലഭിച്ചാല്‍ ഉയര്‍ന്ന പെട്രോള്‍ വിലയില്‍നിന്നും മുക്തി നേടുന്നതിനും കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ യാത്ര ചെയ്യുവാനും സാധിക്കുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുക അപ്രായോഗികമായതിനാല്‍  ഇതിനുള്ള പരിഹാരമായി വെഹിക്കിള്‍ ടു ഗ്രിഡ് സംവിധാനമുള്ള കാറും ഇവര്‍ രൂപകല്‍പ്പന ചെയ്തു.   പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ വാഹങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മറ്റ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലായെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്. അധ്യാപകരായ അരുണ്‍ എല്‍ദോ ഏലിയാസ്, ബേസില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ അഫ്സല്‍ ഇബ്രാഹിം, ജിറ്റോ എല്‍ദോസ്, അലക്സ് പോള്‍, ജിബിന്‍ ബേബി, അമല്‍ എലിയാസ്, എന്‍.ടി സ്റ്റെബിന്‍, ജേക്കബ് രാജു, വര്‍ഗീസ് സാബു, ആല്‍ബിന്‍ തങ്കച്ചന്‍, ഗണേഷ് ശ്രീധര്‍ എന്നിവരാണ് ഈ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍.

ഫോട്ടോ ……………..
നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ്  ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് കാറിനൊപ്പം.

Back to top button
error: Content is protected !!