കാപ്രിപോക്സ് വൈറസ് ബാധ; ജില്ലയില്‍ 30-പഞ്ചായത്തുകളിലായി 170-പശുക്കളില്‍ രോഗ ലക്ഷണം കണ്ടെത്തി

മൂവാറ്റുപുഴ:ജില്ലയില്‍ 30-പഞ്ചായത്തുകളിലായി 170-പശുക്കളില്‍ കാപ്രിപോക്സ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. പശുക്കളില്‍ ചര്‍മ്മ മുഴ പരത്തുന്ന കാപ്രിപോക്സ് വൈറസ് ബാധ സ്ഥിതീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി. 30-പഞ്ചായത്തുകളിലാണ് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടെത്തിയത്. കീഴ്മാട്, ശ്രീമൂലനഗരം, വളയന്‍ചിറങ്ങര, നെല്ലാട്, വെസ്റ്റ് വെങ്ങോല, കുന്നുകര, എടക്കാട്ടുവയല്‍, കുഴുപ്പിള്ളി, പെരിങ്ങല, ഏലൂര്‍, വെസ്റ്റ് കടുംങ്ങല്ലൂര്‍, പറവൂര്‍, നോര്‍ത്ത് പറവൂര്‍, മണീട്, ചെല്ലാനം, വെണ്ണിക്കുളം, ഇടക്കുന്ന്, മാറാടി, ഊന്നുകല്‍, ആലങ്ങാട്, ചൂര്‍ണ്ണിക്കര, വാളകം, വാരപ്പെട്ടി, ചെറുവട്ടൂര്‍, പിണ്ടിമന, അരയന്‍കാവ്, കോലഞ്ചേരി, ഐയ്യംപുഴ, കരിമാലൂര്‍, കോട്ടുവള്ളി, മഴുവന്നൂര്‍, ഇടപ്പിള്ളി, അങ്കമാലി എന്നീ പ്രദേശങ്ങളിലെ 170-ഓളം പശുക്കളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൈബി പോളിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിന് താലൂക്കുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബേബി ജോസഫിന് കൊച്ചി, കണയന്നൂര്‍ താലൂക്കും ആലുവ ഐസിഡി പ്രൊജക്ട് ഓഫീസര്‍ ഡോ.സന്തോഷ്‌കുമാറിന് മൂവാറ്റുപുഴ, ആലുവ, പറവൂര്‍ താലൂക്കും ആലുവ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ഓഫീസര്‍ ഡോ. സി.കെ.സാജുവിന് കോതമംഗലം, കുന്നത്തുനാട് താലൂക്കുകളുടെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഇന്ദിരയെ എല്ലാ താലൂക്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും ചുമതല നല്‍കിയിട്ടുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൈബി പോളിന്‍ പറഞ്ഞു. ഞാറാഴ്ച കിഴക്കന്‍മേഖലയില്‍ രോഗങ്ങള്‍ സ്ഥിതീകരിച്ച പ്രദേശങ്ങളില്‍ വിദഗ്ദ്ധസംഘം പരിശോധന നടത്തിയിരുന്നു.രോഗ ലക്ഷണങ്ങള്‍ കാണുന്ന കര്‍ഷകര്‍ വിവരം വെറ്ററിനറി ഡിസ്പെന്‍സറികളില്‍ അറിയിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. മനുഷ്യരില്‍ പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍ പോക്സിന് സമാനമാണ് അടുത്തിടെ പശുക്കളില്‍ കണ്ടെത്തിയ ഈ രോഗം. വൈറസ് ബാധയായതിനാല്‍ പ്രതിരോധ വാക്സിനേഷന്‍ നല്‍കിയാല്‍ രോഗം തടയാനാകുമെന്നും മനുഷ്യരിലേയ്ക്ക് രോഗം പടരില്ലന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും പ്രതിരോധ നടപടികളിലൂടെ രോഗം ഭേദമാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൈബി പോളിന്‍ പറഞ്ഞു.