നിർമല കോളേജിൽ ഗാന്ധിശിൽപം ഇന്ന് അനാച്ഛാദനം ചെയ്യും.

മൂവാറ്റുപുഴ :രാഷ്ട്രപിതാവായ മഹാത്മജിയുടെ 150-ാം ജന്മ വാർഷികം ആഘോഷിക്കുന്ന വേളയിൽ മൂവാറ്റുപുഴ നിർമല കോളേജും ഭാഗമാവുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ രാജ്യസഭ ജോയിന്റ് സെക്രട്ടറി സത്യനാരായണ സാഹു കോളേജിന്റെ പ്രധാന മന്ദിരത്തിന്റെ മുൻഭാഗത്ത് തയ്യാറാക്കിയിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലെ മഹാത്മജിയുടെ ശിൽപം അനാച്ഛാദനം ചെയ്യും.
തുടർന്ന് ആഡിറ്റോറിയത്തിൽ അദ്ദേഹം ഗാന്ധിസ്മാരക പ്രഭാഷണം നടത്തും. കോളേജ് മാനേജർ മോൺ. റവ. ഫാ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജെ. ജോർജി നീർനാൽ, പ്രൊഫ. സജി ജോസഫ്, പ്രോഗ്രാം കൺവീനർ ഡോ. നിബു തോംസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽക്കും.
നിർമല കോളേജ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രാമീണരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനങ്ങൾ, സാങ്കേതികാവിദ്യപരിശീലനം,ശുചീകരണപരിപാടികൾ, രക്തദാനം, ജൈസാങ്കേതികവിദ്യാപ്രചരണം, പ്ലാസ്റ്റിക് നിർമാർജനം ജൈവകൃഷി എന്നിങ്ങനെ വിവിധ പരിപാടികൾ ആചരണങ്ങളുടെ ഭാഗമായി കോളേജ് നടപ്പാക്കിക്കഴിഞ്ഞു. മഹാത്മജിയുടേയും മറ്റ് രാഷ്ട്രനിർമ്താക്കളുടേയും,സംഭാവനകളെക്കുറിച്ച് പഠിക്കാനായി കോളേജിന്റെ കേന്ദ്രഗ്രന്ഥശാലയിൽ മഹാത്മഗാന്ധി ദാർശനിക് സ്ഥൽ എന്ന പേരിൽ പഠനകേന്ദ്രമാരംഭിച്ചു. മഹാത്മഗാന്ധിയുടെ ദർശനമാണ് രാഷ്ട്രത്തെ ബലപ്പെടുത്തുവാനുള്ള ഉചിതമായ ആയുധമെന്ന് കോളേജ് സമൂഹം വിശ്വസിക്കുന്നു. അതിന്റെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ കോളേജ് ആവിഷ്‌കരിക്കുന്നത്. വരുന്ന ഒക്‌ടോബറോടെ ആചരണപരിപാടികൾ പൂർത്തികരിയ്ക്കപ്പെടും.