അപകടം
കൂത്താട്ടുകുളത്ത് അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ട്രാൻസ്ഫോർമറിൽ

കൂത്താട്ടുകുളം : അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ട്രാൻസ്ഫോർമറിൽ ഇടിച്ചു. അപകടം നടന്നയുടനെ വൈദ്യുതി ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം ഓടിച്ച യുവാവും വഴിയാത്രക്കാരും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 5 ന് കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ വാളിയാപ്പാടം വയലിനു സമീപമാണ് അപകടം നടന്നത്. നടക്കാവ് റോഡിൽ കാക്കൂർ ഭാഗത്തു നിന്നും വന്ന വാഹനം വാളിയാപ്പാടം കവലയിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് 50 മീറ്റർ ഓടിയ ശേഷം റോഡിൽ വട്ടം തിരിഞ്ഞ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം നിയന്ത്രണം വിട്ടു വരുന്നതു കണ്ട് കാൽനടയാത്രക്കാരും റോഡരികിലെ കരിക്ക്, കരിമ്പിൻ ജൂസ് വിൽപ്പനക്കാരും ഓടി മാറിയിരുന്നു.
ഫോട്ടോ : കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ വാളിയാപ്പാടം വയലിനു സമീപം അപകടത്തിൽപ്പെട്ട വാഹനം.