ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി കൂത്താട്ടുകുളം

മുവാറ്റുപുഴ : ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. മികച്ച ജനമൈത്രി സിആര്‍ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഊന്നുകല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ സി.പി. ബഷീറിനെയും, മികച്ച ജനമൈത്രി ബീറ്റ് ഓഫിസറായി എസ്ഐ ടി.ആര്. ഗില്സിനെയും തെരഞ്ഞെടുത്തു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു.ചടങ്ങില്‍ ജില്ലാ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയും ജനമൈത്രി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ എം.ആര്. മധുബാബു പ്രസംഗിച്ചു.
പ്രളയദുരിതബാധിത സമയത്ത് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം, വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ഹരിത സമൃദ്ധി, മത്സ്യസമൃദ്ധി പദ്ധതികളുടെ വിജയം, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് വിനോദയാത്രാ പരിപാടികള്‍, ഓണം-ക്രിസ്മസ് ആഘോഷങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ കുടുംബത്തിന് ജനപങ്കാളിത്തത്തോടെ വീടുവച്ച് നല്കല്, അശരണര്‍ക്ക് ചികിത്സാ സഹായം നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനെ മുന്നില്‍ എത്തിച്ചത്.
ജനമൈത്രി പദ്ധതിയുടെ ഭാഗമായി സ്കൂളുകള്‍, കോളേജുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവടങ്ങളില്‍ മദ്യത്തിനും, മയക്കുമരുന്നിനുമെതിരേ ബോധവത്കരണ ക്ലാസുകള്‍ നടത്തിയും മറ്റും ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് എസ്ഐ സി.പി. ബഷീര്‍.
പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് സ്പോണ്‍സറെ കണ്ടെത്തി തുടര്‍പഠനത്തിനു അവസരമൊരുക്കിയും, കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയും മറ്റും ജനോപകാരപ്രദമായ പ്രവര്ത്തനങ്ങക്കായി യത്നിച്ച ഉദ്യോഗസ്ഥനാണ് എസ്ഐ ടി.ആര്. ഗില്‍സ്.