മൂവാറ്റുപുഴയില്‍ ജലവിഭവ വകുപ്പില്‍ നിന്നും കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 3.60 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജലസേജന വകുപ്പിന്റെ വിവിധ പ്രദേശങ്ങളിലെ പഴകിയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജലവിഭവ വകുപ്പില്‍ നിന്നും 3.60 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഉന്നത നിലവാരത്തില്‍ നവീകരണം നടക്കുന്ന മൂവാറ്റുപുഴ-പണ്ടപ്പിള്ളി-ആരക്കുഴ-കൂത്താട്ടുകുളം ലിംങ്ക് റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പില്‍ നിന്നും 1.50-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് ബിഎം ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ റോഡ്‌സ് ഫണ്ടില്‍ നിന്നും 16-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവില്‍ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്ന റോഡിലെ കാലപ്പഴക്കം ചെന്ന എ.സി.പൈപ്പുകള്‍ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതിന് ശേഷമാണ് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നത്. മാറാടിയില്‍ നവീകരണം നടക്കുന്ന റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറുന്നതിന് 63 ലക്ഷം രൂപയും ജലവിഭവ വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. നഗരസഭയിലെ ആശ്രമം ബസ്റ്റാന്റ് മുതല്‍ കിഴക്കേക്കര വരെയുള്ള റോഡിലെ ഇരുസൈഡിലേയും പഴയ പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് കിഫ്ബിയില്‍ നിന്നും1.37 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെയുള്ള എ.സി. പൈപ്പ് കാലപ്പഴക്കത്തെ തുടര്‍ന്ന് പൊട്ടുന്നത് മൂലം പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതാവായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് റോഡിന്റെ ഇരുസൈഡിലേയും പഴകിയ പൈപ്പുകള്‍ മാറ്റി ഡി.ഐ പൈപ്പും, പി.വി.സി പൈപ്പുമാണ് ഇടുന്നത്. ഇതോടൊപ്പം തന്നെ മൂവാറ്റുപുഴ ജലസംഭരണിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ നഗരസഭയിലും, വിവിധ പഞ്ചായത്തുകളിലും കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.