മൂവാറ്റുപുഴയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന: കഞ്ചാവ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസും ഡോഗ് സ്‌ക്വാഡും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 21 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ബസ് സ്റ്റാന്‍ഡുകള്‍, ബാറുകള്‍, ലോഡ്ജുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, ഇടവഴികള്‍, വാഹന പരിശോധന തുടങ്ങിയവയിലാണ് കുറ്റകൃത്യങ്ങള്‍ നടത്തിയവരെ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെതുടര്‍ന്ന് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. രഹസ്യമായി വില്‍ക്കുവാന്‍ സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. മൂവാറ്റുപുഴ നഗരത്തിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നിരവധി താമസ മുറികളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ്, എസ്‌ഐ മാഹിന്‍ സലീം തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.