ആനിക്കാടുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വാഴക്കുളം : ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെല്ലാട് വീട്ടൂർ മംഗാരത്ത്കുടി രാജന്റെ മകൻ അനന്തു(25)വാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ വെങ്ങല്ലൂരിലെ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു അപകടം.അനന്തു സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നെത്തിയ പിക്ക് അപ്പ് വാനുമായി നേർക്ക് നേർ ഇടിച്ചായിരുന്നു . തലക്കും,കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ് രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന അനന്തുവിനെ ആവോലി സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ മനുലാൽ എത്തി മുവാറ്റുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് ബിന്ദു.
