കര്‍ണ്ണാടകയിൽ സി.പി.ഐ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ എം എൽ എയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മൂവാറ്റുപുഴ: കര്‍ണ്ണാടകയിലെ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഫ്യു ലംഘിച്ച് മംഗലാപുരത്ത് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി, കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ്  തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയ്ക്ക് തൊട്ട് പിന്നാലെയാണ് സി.പി.ഐ കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് മൂവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.സി.പി.ഐ ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന  പ്രതിഷേധ യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.സനീര്‍, വിന്‍സന്റ് ഇല്ലിക്കല്‍, എന്‍.പി.പോള്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ പി.ജി.ശാന്ത, വി.കെ.മണി, വി.എം.നവാസ്, കെ.ബി.നിസാര്‍, പി.വൈ.നൂറുദ്ദീന്‍, ശിവാഗോ തോമസ്, എം.വി.സുഭാഷ്, എന്‍.കെ.പുഷ്പ, വി.എം.നൗഷാദ്, ഷാജി അലിയര്‍, ജോര്‍ജ് വെട്ടികുഴി എന്നവര്‍ നേതൃത്വം നല്‍കി.

ചിത്രം- സി.പി.ഐ കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍  പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ പ്രകടനം.

Leave a Reply

Back to top button
error: Content is protected !!