മണിയന്തടം മലയിലെ പാറമടയ്ക്ക് അനുമതി നല്‍കരുത്; താലൂക്ക് വികസന സമിതി യോഗം

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയന്തടത്ത് ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും താലൂക്ക് വികസനസമിതി യോഗം പ്രമേയം പാസാക്കി ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ക്ക് സമര്‍പ്പിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നതും ജൈവസമ്പത്ത് തകര്‍ക്കുന്നതുമായ മണിയന്തടം മലയില്‍ പാറമട ആരംഭിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് താലൂക്ക് വികസന സമിതിയോഗത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ അനുമതിയോ പ്രദേശവാസികളുടെ സമ്മതമോ ഇല്ലാതെ പ്രകൃതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കല്ലന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജെ.ജോര്‍ജ് വികസനസമിതി യോഗത്തില്‍ പറഞ്ഞു. 2008 ല്‍ ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തലാക്കിയ മണിയന്തടം പാറമട വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധം താര്‍ക്കുമെന്ന് വാര്‍ഡ് മെമ്പര്‍ റൂബി തോമസ് വികസന സമിതി യോഗത്തില്‍ പറഞ്ഞു. പാറമടയ്‌ക്കെതിരെ പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഡേന പ്രമേയം പാസാക്കുകയും ചെയ്തിട്ടും പ്രദേശവാസികളുടെ പരാതികളും മറ്റും ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ക്ക് നല്‍കിയിട്ടും പാറമടയ്ക്ക് പിന്‍വാതിലിലൂടെ അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും വാര്‍ഡ് മെമ്പര്‍ റൂബി തോമസ് യോഗത്തില്‍ പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പാറ ഖനനത്തിനും മണ്ണ് ഖനനത്തിനും അനുമതി വാങ്ങി നല്‍കുന്നതിന് പ്രത്യേക മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും യോഗത്തില്‍ വികസന സമിതി അംഗം എം.എന്‍.മധു ആവശ്യപ്പെട്ടു. മൂവാറ്റുപുഴ താലൂക്കില്‍ കുടിവെള്ളക്ഷാമം ഉണ്ടാകാത്ത പ്രദേശങ്ങളില്‍ പോലും ഈവര്‍ഷം കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണന്നും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തില്‍ എത്തുന്ന പരാതികള്‍ക്ക് പരിഹാരം വേണമെന്നും അതാത് വകുപ്പ് മേധവികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂവാറ്റുപുഴയില്‍ ആരംഭിക്കാന്‍ പോകുന്ന വൈദ്യുതി ഭവന്‍ പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷനില്‍ ആരംഭിക്കണമെന്നും ഇതിനായി എം.സി. റോഡിനരികില്‍ ഏക്കറ് കണക്കിന് സ്ഥലം ഉണ്ടന്നും യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വേണ്ടത്ര ശ്രദ്ധയില്ലാത്തതാണ് ഏനാനല്ലൂര്‍-ആവോലി റോഡിന്റെ ടാറിംഗ് ദിവസങ്ങള്‍ക്കകം പൊളിഞ്ഞതെന്നും റോഡ് നിര്‍മ്മാണം നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്നും ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. നവീകരണം പൂര്‍ത്തിയായ കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡിലെ കീച്ചേരിപ്പടി മുതല്‍ ലോരാറ്റോ ആശ്രമം വരെയുള്ള ഭാഗത്ത് റോഡ് അരികിലെ കട്ടിംഗ് അപകടങ്ങള്‍ക്ക് കാരണമാകുകയാണന്നും ഇതിന് പരിഹാരം കാണണമെന്നും മൂവാറ്റുപുഴ കാവുംങ്കര പഴയ മാര്‍ക്കറ്റിന് സമീപം പഴയകെട്ടിടത്തിന്റെ പകുതി ഭാഗം തകര്‍ന്ന് കിടക്കുകയാണന്നും ഇതിന്റെ ബാക്കി ഭാഗം ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്നും ഇത് വന്‍ദുരന്തത്തിന് കാരണമാകുമെന്നും പായിപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പെരുമറ്റത്ത് പ്രവര്‍ത്തിക്കുന്ന ടൈല്‍സ് നിര്‍മ്മാണ കമ്പനി പരിസര വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന്‍ എന്നിവര്‍ സംമ്പന്ധിച്ചു.