മുളവൂരിൽ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ; ജനം ഭീതിയിൽ

മരങ്ങാട്ട് അബ്ദുൽ അസീസിന്റെ ഒന്നരമാസം പ്രായമായ മരിച്ചീനി കൃഷിയും നശിപ്പിച്ചു
മൂവാറ്റുപുഴ : മുളവൂരിൽ ഒരുമാസമായി തുടരുന്ന സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ജനത്തെ ഭയത്തിലാഴ്ത്തിയിരിക്കുന്നു. പൊന്നിരിക്കപ്പറമ്പിലും പരസര പ്രദേശങ്ങളിലുമാണ് സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടുന്നത്. കഴിഞ്ഞ രാത്രി മുളവൂർ വടമുക്ക് പാലത്തിനു സമീപമുള്ള മരങ്ങാട്ട് അബ്ദുൽ അസീസിന്റെ 500 ചുവടോളം മരിച്ചീനി കൃഷി പിഴുതെറിഞ്ഞു. ഒന്നര മാസം പ്രായമായ മരിച്ചീനിയാണ് കൃഷിയിടത്തിന്റെ ഒരു ഭാഗത്തുനിന്ന് പിഴുത് എറിഞ്ഞത്. കൃഷിയിറക്കിയ ഇനത്തിൽ 20.000 രൂപയോളം നഷ്ടം സംഭവിച്ചതായി അബ്ദുൽ അസീസ് പറയുന്നു. മുളവൂർ തോടിനു സമീപമുള്ള കൃഷിയിടത്തിൽ കഴിഞ്ഞ മൂന്നുതവണ പ്രളയത്തിൽ കൃഷി പൂർണമായും ഒലിച്ചുപോയതിനാൽ ഇത്തവണ നേരത്തെ നട്ട മരിച്ചീനിയാണ് നശിപ്പിച്ചത്. ഇലാഹിയ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ ഇൻസ്‌ട്രെക്ടറും, യൂത്ത് റെഡ്‌ക്രോസ് കോ-ഓർഡിനേറ്ററുംകൂടിയാണ് അസീസ്.
കഴിഞ്ഞ മാസം ഇതേഭാഗത്ത് ഇലാഹിയ എൻജിനീയറിങ്ങ്് കോളേജിന്റെ പമ്പ് ഹൗസ് കേടുവരുത്തുകയും കിണറിൽ ഡീസൽ ഒഴിച്ച് മലിനപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ കോളേജിലേക്കു വെള്ളമെത്തിക്കുന്നത്് ആഴ്ചകളോളം തടസ്സപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് പോലീസിൽ പരാതി നല്കിയെങ്കിലും കുറ്റവാളികളെ കണ്ടെത്താനായില്ല. സമീപത്ത്്് തന്നെയുള്ള മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റിന്റെ കെട്ടിടത്തിനു സമീപമുള്ള കിണറിലും, പൊന്നിരിക്കപ്പറമ്പ്് – പള്ളിപ്പടി റൂട്ടിലുള്ള കീത്തടത്തിൽ മുസ്തഫയുടെ അന്യസംസ്ഥാന തൊഴിലാളികൾ വാടകയക്കു താമസി്ക്കുന്ന വീടിന്റെ കിണറിലും അറവുമാലിന്യങ്ങളടക്കം നിക്ഷേപിച്ചതും കഴിഞ്ഞ മാസംതന്നെയാണ്.
കുന്നത്ത്് ജോയിയുടെ പുരയിടത്തിന്റെ മതിൽ തകർത്ത ശേഷം അവിടെനിന്ന തേക്ക്്് വെട്ടികേടാക്കിയ സംഭവമുണ്ടായി. അമ്പലംപടി- വീട്ടൂർ റോഡ് വികസനത്തിന് പ്രവർത്തനം ആരംഭിച്ചശേഷം രാത്രിയുടെ മറവിൽ നടക്കുന്ന ആക്രമണം പ്രദേശത്തെ സൈ്വര്യജീവിത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
റോഡ് വികസനവുമായി ഇത്തരം സംഭവങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നും യാഥാർഥ കുറ്റവാളികളെ പോലീസ് അന്വേഷിച്ചു പിടികൂടണമെന്നുമാണ് റോഡ് വികസന സമിതി ആവശ്യപ്പെടുന്നത്.