മൂവാറ്റുപുഴ റോട്ടറി റോഡ് നവീകരണത്തിന് തുടക്കമായി……

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിന്റെ നവീകരണത്തിന് തുടക്കമായി. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍,സി.എം.സീതി, ഉമാമത്ത് സലീം, പ്രമീള ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, സി.എം.ഷുക്കൂര്‍, പി.വൈ.നൂറുദ്ദീന്‍, പി.പ്രേംചന്ദ്, ഷൈല അബ്ദുള്ള, ജിനു ആന്റണി, ജയ്‌സണ്‍ തോട്ടത്തില്‍, ഷാലിന ബഷീര്‍ എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിന്റെ വണ്‍വേ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെയുള്ള ഭാഗം ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതിന് 50-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ റോഡ് തകര്‍ന്ന് കാല്‍നടപോലും ദുസ്സഹമായ അവസ്ഥയിലായിരുന്നു. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ബൈപാസ് റോഡിനെ കൈയ്യൊഴിഞ്ഞതോടെ വണ്‍വേ ജംഗ്ഷനിലും, കീച്ചേരിപ്പടി ജംഗ്ഷനിലും ഗതാഗ കുരുക്കും നിത്യസംഭവമായി മാറിയിരുന്നു. വണ്‍വേ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് എവറസ്റ്റ് ജംഗ്ഷനില്‍ അവസാനിക്കുന്ന റോട്ടറി റോഡ് വണ്‍വേ ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെ നഗരസഭയുടെ കീഴിലും, മാര്‍ക്കറ്റ് ബസ്റ്റാന്റ് മുതല്‍ എവറസ്റ്റ് ജംഗ്ഷന്‍ വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ ഭാഗം ബി.എം, ബി.സി നിലവാരത്തില്‍ ടാര്‍ചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള ഭാഗം ടൈല്‍സ് വിരിച്ച് മനോഹരമാക്കുന്നതോടെ നഗരത്തിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിനും ക്ഷാപമോക്ഷമാകുകയാണ്.
ചിത്രം- മൂവാറ്റുപുഴ നഗരസഭയിലെ റോട്ടറി റോഡിന്റെ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കുന്നു….