നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

മൂവാറ്റുപുഴ: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. രണ്ടാർകര എസ്.എ.ബി.റ്റി എം എൽ.പി സ്കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അധ്യാപകരായ ഷഫ്ന സലീം, ഹണി സുരേഷ്, വിനിൽ റിച്ചാർഡ് തുടങ്ങിയവരുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ ഡി.വൈ.എസ്.പി. കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥർ സ്വീകരിച്ചു. കേട്ടറിവ് മാത്രമുള്ള പോലീസുകാരെക്കുറിച്ച് അടുത്തറിയാനായെത്തിയ അവര്‍ക്ക് കേക്കും ഫ്രൂട്ടിയും നൽകിയാണ് പോലീസുകാർ സ്വീകരിച്ചത്. തുടർന്ന് ക്രമസമാധാന പാലനത്തെക്കുറിച്ചും ഗതാഗത നിയമ ബോധവല്‍ക്കരണത്തെക്കുറിച്ചും കുരുന്നുകൾക്ക് അറിവുകള്‍ പകര്‍ന്നു നൽകി ഡി.വൈ.എസ്.പി.യും പോലീസുകാരും അധ്യാപകരായി മാറി. ക്ലാസെല്ലാം കഴിഞ്ഞ് പോലീസ് സ്റ്റേഷൻ അടുത്തറിഞ്ഞ കുരുന്നുകളിൽ പലരും പോലീസാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചാണ് മടങ്ങിയത്.