കാപ്രിപോക്‌സ് വൈറസ് ബാധ; കിഴക്കന്‍ മേഖലയല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.


മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ക്ഷീര കര്‍ഷകരെ ആശങ്കയിലാഴ്ത്തി കാപ്രിപോക്‌സ് വൈറസ് ബാധ പശുക്കളില്‍ കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഹാളില്‍ ഉന്നതതല യോഗം നടന്നു. യോഗത്തില്‍ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ലൈബി പോളിന്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബേബി ജോസഫ്, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, പി.ആര്‍.ഒ. ഡോ.റാണരാജ്, മൂവാറ്റുപുഴ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷമീം അബൂബക്കര്‍, മൃഗഡോക്ടര്‍മാര്‍ എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ കായനാടും, വാളകം ഗ്രാമപഞ്ചായത്തിലെ വാളകത്തും മണീടുമാണ് കാപ്രിപോക്‌സ് വൈറസ് ബാധ ലക്ഷണങ്ങളുള്ള പശുക്കളെ കണ്ടെത്തിയത്. ഇതില്‍ ഒരു പശുവിനാണ് രോഗം സ്ഥിതീകരിച്ചത്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ പല പശുക്കളുടെയും രോഗം മാറിയതായും ഡോക്ടര്‍മാര്‍ യോഗത്തില്‍ പറഞ്ഞു. കാപ്രിപോക്‌സ് വൈറസ് ബാധ പിടിപിടിപെടുന്ന പശുക്കള്‍ക്ക് ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാകുമെന്നും ക്ഷീരകര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലന്നും യോഗത്തില്‍ വിലയിരുത്തി. മൂവാറ്റുപുഴ താലൂക്കില്‍ വാളകത്ത് 100, മാറാടി 80, മണീട് 375 മൃഗങ്ങളില്‍ അടക്കം 555-മൃഗങ്ങളില്‍ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞു. 2500-ഡോസ് മരുന്നും മൂവാറ്റുപുഴ താലൂക്കിലേയ്ക്ക് എത്തിയിട്ടുണ്ട്.  ഇന്ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ പഞ്ചായത്തുകളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും പ്രതിരോധ വാക്‌സിനേഷന്‍ നല്‍കും.

Leave a Reply

Back to top button
error: Content is protected !!