അരിക്കുഴയിലെ മാല പിടിച്ചുപറി മുവാറ്റുപുഴ സ്വദേശിയുൾപ്പടെ രണ്ടു പേർ പിടിയിൽ

തൊടുപുഴ : അരിക്കുഴയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മൂന്നേകാല്‍ പവന്റെ മാല കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയില്‍. 2019 നവംബര്‍ എട്ടിനാണ് പാറക്കടവ് നടുത്തൊട്ടിയില്‍ അനിതാരാജുവിന്റെ (44) സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം കവരുന്നത്. അരിക്കുഴമഠം ബസ് സ്‌റ്റോപ്പിലേക്ക് പോകുമ്ബോഴായിരുന്നു ആക്രമം. തലയിടിച്ചുവീണ അനിതയുടെ കാലിലൂടെ പുറകില്‍നിന്നെത്തിയ കാര്‍ കയറിയിറങ്ങി. കേസിലെ പ്രതികളായ മൂവാറ്റുപുഴ കൊക്കരണിയില്‍ അനീഷ് (33), കണ്ണൂര്‍ സ്വദേശി ഷെഹനാദ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഒന്നാം പ്രതി അനീഷിന്റെ അറസ്റ്റ് തൊടുപുഴ പോലീസ് രേഖപ്പെടുത്തി. മറ്റൊരു മാല മോഷണക്കേസില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായ ഷെഹനാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്.ഐ. എം.പി.സാഗര്‍ അറിയിച്ചു.