പശുക്കളിൽ ചർമ്മ മുഴ രോഗം പടരുന്നു……..

മുവാറ്റുപുഴ : പശുക്കളില്‍ ചര്‍മ്മ മുഴ രോഗം പടരുന്നത് ക്ഷീരോത്പാദന മേഖലയില്‍ ആശങ്കപരത്തുന്നു. കാപ്രിപോക്സ് വൈറസ് പരത്തുന്ന ചര്‍മ്മ മുഴ രോഗം അഥവാ ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്റ്റി) ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. നിലവില്‍ മേഖലയില്‍ രായമംഗലം, ഊരമന എന്നിവിടങ്ങളിലാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. മാറാടിയിയും, കായനാടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ജനുവരി ആദ്യവാരം തന്നെ എറണാകുളം, തൃശൂര്‍, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുത്തുടങ്ങിയിരുന്നു എന്നാല്‍ രോഗബാധ ഉറപ്പാക്കാനായി ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലേക്കയച്ച സാമ്പിളുകളുടെ പരിശോധനാഫലം വരുവാന്‍ കാത്തിരിക്കുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട പശുക്കളുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വന്നാലേ ജില്ലയില്‍ രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് അറിയാനാകുവെന്ന് അധികൃതര്‍ പറഞ്ഞു. 1920-കളില്‍ സാംബിയയിലാണ് കാപ്രിപോക്സ് വൈറസിന്‍റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്ത് വിവിധയിടങ്ങളില്‍ ഈ വൈറസിന്‍റെ സാന്നിധ്യം കാണപ്പെട്ടു. സാംബിയ, എത്യോപ്യ, ഈജിപ്റ്റ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വന്‍ ദുരന്തം വിധിച്ചിട്ടുണ്ട് വൈറസ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒഡിഷയില്‍ രോഗം പടര്‍ന്ന് പിടിച്ചിരുന്നു. കഴലവീക്കം, കടുത്ത പനി, കാലുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. ദേഹം മുഴുവന്‍ ഒന്ന് മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍വരെ വ്യാസമുള്ള മുഴകള്‍ കണ്ട് തുടങ്ങുകയും, ഇവ ക്രമേണ വര്‍ധിക്കുകയും ചെയ്യും. തീറ്റ എടുക്കാതെ വരിക, പാല്‍ വറ്റിപ്പോവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗ ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നിര്‍ത്തലാക്കി വൈറസ് പ്രതിരോധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പുകള്‍ ഒരു പരിധിവരെ രോഗം തടയാന്‍ കാരണമാകും. ഈച്ചകളെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. അകിട് വീക്കം, നുമോണിയ തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും കൂടുതലാണ്. മനുഷ്യരിലേക്ക് പകരുന്നതല്ല കാപ്രിപോക്സ് വൈറസ് എന്നത് ആശ്വാസകരമാണ്. കുതിര ഈച്ച, വട്ടന്‍, കൊതുക് തുടങ്ങിയവ മൂലമുണ്ടാകുന്ന ബാഹ്യ പരാഗങ്ങള്‍ മൂലമാണ് കന്നുകാലികളില്‍ ഇത് പ്രധാനമായും പടരുന്നത്. ഫിനോള്‍, സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി, അലക്കുകാരം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് തൊഴുത്തും പരിസരവും വൃത്തിയാക്കുന്നതും ചാണകക്കുഴി തുറസായി ഇടാതിരിക്കുന്നതും ഇവയെ അകറ്റാന്‍ സഹായിക്കും. കണ്ണിലും മൂക്കിലും നിന്ന് വെള്ളമൊലിക്കുന്നതും കടുത്ത പനിയുമാണ് ആദ്യരോഗലക്ഷണങ്ങള്‍. കാലുകള്‍ക്ക് സ്വാധീനക്കുറവും കഴല വീക്കവും കാണാറുണ്ട്. ദിവസങ്ങള്‍ കഴിയുമ്പോള്‍ തൊലിപ്പുറത്ത് ഒന്ന് മുതല്‍ അഞ്ച് സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ള മുഴകള്‍ വന്ന് പഴുത്ത് പൊട്ടി വൃണമാകുന്നു. ഇതോടെ ഭക്ഷണം കഴിക്കാതെ കറവ വറ്റുന്നതിനും കാരണമാകുന്നുണ്ട്.