പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിക്സ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മുഴുവന്‍ മൃഗങ്ങള്‍ക്കും പ്രതിരോധ വാകിസിനേഷന്‍ നല്‍കുമെന്ന് മന്ത്രി കെ. രാജു.

മൂവാറ്റുപുഴ : സംസ്ഥാനത്ത് പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിക്സ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മുഴുവന്‍ മൃഗങ്ങള്‍ക്കും പ്രതിരോധ വാകിസിനേഷന്‍ നല്‍കുമെന്ന് മന്ത്രി കെ. രാജു. ഇന്നലെ നിയമസഭയില്‍ മൃഗസംരക്ഷവും പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന ചോദ്യോത്തരവേളയില്‍ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് മോഡലില്‍ ഈ വര്‍ഷം മുതല്‍ കാപ്രിക്സ് വൈറസ് ബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ കന്നുകാലികളിലും എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള പ്രദേശമായ കിഴക്കന്‍ മേഖലയിലെ പഞ്ചായത്തുകളിലാണ് പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിക്സ് വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിതീകരിച്ചത്. വൈറസ് രോഗമായതിനാല്‍ രോഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ജില്ലയിലെ 23 പഞ്ചായത്തുകളില്‍ നിന്ന് നിരവധി കാലികളില്‍ രോഗം പടര്‍ന്ന് പിടിച്ചിരുന്നു. വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തിവയ്പ് മാത്രമാണ് പ്രതിവിധി. രോഗം സ്ഥിതീകരിച്ച പ്രദേശങ്ങളിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ വാക്സിനേഷന്‍ നല്‍കിയാണ് കോപ്രിക്സ് വൈറസ് ബാധ നിയന്ത്രിച്ചത്. ഒരു മാസംമുമ്പാണ് സംസ്ഥാനത്ത് രോഗലക്ഷണം പശുക്കളില്‍ പ്രകടമായത്. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയില്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ കണ്ടുവരുന്ന ലംപി സ്കിന്‍ ഡിസീസിന് സമാനമായ രോഗലക്ഷണമാണെന്ന് തിരിച്ചറിയുന്നത്. സാംബിയ, എത്യോപ്യ, ഈജിപ്റ്റ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഈ മഹാമാരി കാലികള്‍ക്കിടയില്‍ വന്‍ ദുരന്തം വിതച്ചിട്ടുണ്ട്. 2019 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഒഡീഷയിലും രോഗം പടര്‍ന്നുപിടിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഈ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നതെന്ന് മൃഗസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം മനുഷ്യരിലേക്ക് പടരില്ലെന്നതാണ് ഏക ആശ്വാസം. ബാഹ്യപരാദങ്ങളായ കുതിരയീച്ച, കൊതുക്, പട്ടുണ്ണി തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. കണ്ണിലും മൂക്കിലും നിന്ന് വെള്ളമൊലിക്കുന്നതും കടുത്ത പനിയുമാണ് രോഗലക്ഷണങ്ങള്‍. കാലുകള്‍ക്ക് സ്വാധീനക്കുറവും കഴല വീക്കവും കാണാറുണ്ട്. ദിവസങ്ങള്‍ കഴിയുമ്പോള്‍ തൊലിപ്പുറത്ത് ഒന്ന് മുതല്‍ അഞ്ച് സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ള മുഴകള്‍ വന്ന് പഴുത്ത് പൊട്ടി വൃണമാകുന്നു. ഇതോടെ തീറ്റ കഴിക്കാതെയാവുകയും കറവ വറ്റുകയും ചെയ്യും. അത്യപൂര്‍വ്വം കേസുകളില്‍ മരണത്തിനും കാരണമാകുന്നുണ്ട്.