അറുപത് ദിനം പിന്നിട്ട്‌ നഗരസഭ തണ്ണീര്‍ പന്തല്‍; ദാഹം അകറ്റിയത് ആയിരങ്ങള്‍

മൂവാറ്റുപുഴ: കടുത്ത വേനലില്‍ ബുദ്ധിമുട്ടുന്ന യാത്രാകര്‍ക്ക് ദാഹമകറ്റാന്‍ മൂവാറ്റുപുഴ നഗരസഭ കച്ചേരിത്താഴത്ത് ആരംഭിച്ച തണ്ണീര്‍ പന്തല്‍ അറുപത് ദിനം പിന്നിട്ടു. കാലവര്‍ഷം ആരംഭിക്കുന്നത് വരെ പ്രവര്‍ത്തനം തുടരുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് പറഞ്ഞു. ഇതിനകം രണ്ട് ലക്ഷത്തോളം രൂപ പദ്ധതിക്കായി ചിലവഴിച്ചു. വേനല്‍ കനക്കും മുമ്പേ ഫെബ്രുവരി അവസാന വാരം തന്നെ പ്രത്യകം തയാറാക്കിയ പന്തലില്‍ തണ്ണീര്‍ പന്തല്‍ തുറന്നിരുന്നു. തുടക്കത്തില്‍ ദാഹമകറ്റാന്‍ പന്തലില്‍ എത്തിയിരുന്നവരെക്കാള്‍ നാലിരട്ടി അധികം ആളുകളാണ് മാര്‍ച്ച് പകുതി മുതല്‍ എത്തി തുടങ്ങിയത്. നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഒന്നായ കച്ചേരിത്താഴത്ത് നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം എത്തുന്നത്. ഇവര്‍ക്ക് കൂടി സഹായകരമാകുന്നതിനാണ് ഇവിടെ തണ്ണീര്‍പ്പന്തല്‍ തുറന്നത്. രാവിലെ 11.30 മുതല്‍ വൈകിട്ട് 3 വരെയാണ് തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തിച്ച് വരുന്നത്. സംഭാരം, തണ്ണിമത്തന്‍ ജ്യൂസ്, കുടിവെള്ളം, പൈനാപ്പിള്‍, സ്‌ക്വാഷ് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തു വരുന്നത്. വേനല്‍ കടുത്തതോടെ കാല്‍നടക്കാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ കുടിവെള്ളത്തിനായി പണം ചിലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. കച്ചേരിത്താഴത്ത് എത്തുന്ന ആര്‍ക്കും പണം ഇല്ലാത്തതിന്റെ പേരില്‍ ദാഹം കടിച്ചമര്‍ത്തേണ്ടി വരില്ല. നഗരസഭ ഹെല്‍ത്ത് ജീവനക്കാരുടെ നേതൃത്വത്തിലാണ് തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം.

Back to top button
error: Content is protected !!