വിശ്വകര്‍മ്മ ജയന്തിയാഘോഷം: മഹാശോഭയാത്രയിലെ മികച്ച പ്രകടനത്തിന് മുളവൂര്‍ ഹെല്‍ത്ത് സെന്റര്‍ ശാഖയ്ക്ക് ഒന്നാം സ്ഥാനം

മൂവാറ്റുപുഴ: വിശ്വകര്‍മ്മ ജയന്തിയോട് അനുബന്ധിച്ച് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാ ശോഭാ യാത്രയില്‍ താലൂക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയാറോളം ശാഖകള്‍ പങ്കെടുത്തു. വിവിധങ്ങളായ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും, താലപ്പൊലിയേന്തിയ മഹിളാ പ്രവര്‍ത്തകരും കുട്ടികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ത്രിവേണി സംഗമഭൂമിയായ മൂവാറ്റുപുഴയില്‍ അണിനിരന്നു. മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിന് മുന്നില്‍ നിന്നാരംഭിച്ച മഹാശോഭയാത്ര വൈകിട്ട് അഞ്ചരയോടെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും സംഘടനയുടെ വിവിധ തലങ്ങളിലുള്ള നേതാക്കന്മാരും മഹാ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ ശാഖകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങളും ചടങ്ങില്‍ അരങ്ങേറി. മഹാശോഭയാത്രയില്‍ പങ്കെടുത്ത ഇരുപത്തിയാറു ശാഖകളിലെ ഏറ്റവും മികച്ച പ്രകടനത്തിന് മുളവൂര്‍ ഹെല്‍ത്ത് സെന്റര്‍ ശാഖയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.വി ദിനേശനില്‍ നിന്ന് പ്രസിഡന്റ് പ്രജീഷ് ടി എസ്, സെക്രട്ടറി അനൂപ് കളരിക്കല്‍,ഖജാന്‍ജി രഞ്ജു കെജി, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും,ശാഖ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.