മുളവൂര്‍ ഗവ യു പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മുളവൂര്‍ ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചു. മൂന്ന് നിലകളിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള ഒന്നാംഘട്ട നിര്‍മ്മാണത്തിനാണ് 80 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ മൂന്ന്‌ഹൈടെക് ക്ലാസ് മുറികളാണ് നിര്‍മ്മിക്കുന്നത്. ടൈല്‍ ഇട്ട് മനോഹരമാക്കുന്നതോടൊപ്പം വാതിലുകളും ജനലുകളും ഉള്‍പ്പെടെ മുഴുവന്‍ പണികളും പൂര്‍ത്തീകരിക്കും. മൂന്നുനിലകള്‍ക്ക് ആവശ്യമായ ഫൗണ്ടേഷനാണ് ഇതോടൊപ്പം നിര്‍മ്മിക്കുന്നത്. താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഒന്നാം നിലയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ പണം എം. എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ കമ്മറ്റി പായിപ്ര പഞ്ചായത്ത് ഭരണസമിതിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി പാസാക്കിയ തീരുമാനം മാത്യുകുഴല്‍നാടന്‍ എം.എല്‍.എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗം ഒ .കെ. മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ ബെസ്സി എല്‍ദോ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ.സലിം, ഇ.കെ.ഷാജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

Back to top button
error: Content is protected !!