റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല, കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല; മുഖ്യമന്ത്രി പിണറായി സഭയിൽ

തിരുവനന്തപുരം: റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രം നിര്‍ദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകള്‍ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകള്‍ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ ലഭ്യമാക്കുന്ന ഭാരത് അരി വിഷയവും നിയമസഭയില്‍ ചര്‍ച്ചയായി. കേന്ദ്രം പല രൂപത്തില്‍ ഭക്ഷ്യ പൊതു വിതരണത്തില്‍ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും സഭയെ അറിയിച്ചു. കേരളത്തിന് ആവശ്യമായ അരി നല്‍കുന്നതില്‍ പോലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. 8 വര്‍ഷമായി നല്‍കുന്ന അരിയുടെ അളവ് വര്‍ധിപ്പിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Back to top button
error: Content is protected !!