പായിപ്രയില്‍ പഞ്ചായത്ത് വാഹന ദുരുപയോഗം: കമ്മിറ്റിയില്‍ അജണ്ടക്ക് അനുവദിക്കാതെ പ്രസിഡന്റ്; രേഖാമൂലം അനുമതിക്കായി യുഡിഎഫ്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിന്റെ വാഹനം പ്രസിഡന്റ് പി.എം അസീസ് ദുരുപയോഗം ചെയ്ത് അപകടത്തില്‍പെടുത്തിയതായി യുഡിഎഫിന്റെ ആരോപണം. ആരോപണത്തെതുടര്‍ന്ന് വിഷയം അജണ്ട ഇട്ട് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ആവശ്യപെട്ടിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് യോഗം ചേരാന്‍ യുഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റിനോടും, സെക്രട്ടറയിയോടും രേഖാമൂലം ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച പള്‍സ് പോളിയോ ദിനത്തില്‍ വാഹനം അവശ്യപെട്ട് ആരോഗ്യ വകുപ്പ് കത്ത് നല്‍കിയിരുന്നെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് വാഹനം ഉപയോഗിച്ചെന്നും, അപകടത്തില്‍പെടുത്തിയെന്നുമാണ് യുഡിഎഫിന്റെ ആരോപണം.

പഞ്ചായത്തിന്റെ വാഹനം മണ്ണൂരില്‍ അപകടത്തില്‍പെട്ടുവെന്നാണ് ആദ്യം അറിയിച്ചിരുന്നതെന്നും, എന്നാല്‍ തെളിവുകള്‍ സഹിതം എത്തിയതോടെ തൃശ്ശൂരിലാണ് അപകടമുണ്ടായതെന്ന് പി.എം അസീസ് സമ്മതിച്ചുവെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ അജണ്ടയിട്ട് വാഹനത്തിന്റെ ദുരുപയോഗം ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കിയതോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി ചേരുകയും, അജണ്ട മറ്റൊരു ദിവസം മതിയെന്ന് പ്രസിഡന്റ് തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് അജണ്ട കമ്മിറ്റിയില്‍ നിന്നൊഴിവാക്കി ടെന്റര്‍ അംഗീകാരം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതായി സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചു. വിഷയത്തില്‍ അടിയന്തര കമ്മിറ്റി ചേരണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റിനും സെക്രട്ടറിക്കും രേഖാമൂലം കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് വാങ്ങാന്‍ വിസമ്മതിച്ച പ്രസിഡന്റ് പി.എം അസീസ്, സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കത്ത് കൈപ്പറ്റിയത്. പഞ്ചായത്ത് വാഹനവുമായി നടത്തിയ പ്രസിഡന്റിന്റെ യാത്രയില്‍ ദുരൂഹതയുണ്ടെന്നും, വരും ദിവങ്ങളില്‍ തെളിവ് സഹിതം പുറത്ത്‌കൊണ്ടുവരുമെന്നും യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!