ശുചിമുറി മാലിന്യങ്ങളാലും രാസ വിഷങ്ങളാലും ജീവിതം വഴിമുട്ടി പേട്ട നിവാസികള്‍.

മൂവാറ്റുപുഴ: ആയവന പാതയോരങ്ങളിലെ പാടശേഖരങ്ങളില്‍ നിന്നും മൂവാറ്റുപുഴയാറിലേക്ക് തെളിനീരൊഴുകിയിരുന്ന മണ്ണാന്‍ കടവ് തോടിലൂടെ ഇന്ന് ഒഴുകുന്നത് ഉഗ്ര രാസ വിഷങ്ങളും ശുചിമുറി മാലിന്യങ്ങളും. അസഹനീയമായ ദുര്‍ഗന്ധങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളിലും പൊറുതിമുട്ടിയിരിക്കുകയാണ് റോഡിന്റെ വശങ്ങളിലായി ജീവിക്കേണ്ടിവരുന്ന മൂവാറ്റുപുഴ പേട്ട ഭാഗത്തെ ജനങ്ങള്‍. വര്‍ഷങ്ങളായുള്ള ഇവരുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാമെന്ന അധികാരികളുടെ വാഗ്ദാനങ്ങള്‍ ഇന്നും പാഴ് വാക്കുകളായി തുടരുകയാണ്. ചേരിയേക്കാള്‍ താഴ്ന്ന ജീവിത സൗകര്യങ്ങളാണ് ഇപ്പോഴും ഈ ഭാഗത്തെ മിക്ക വീടുകള്‍ക്കും. നഗരത്തിലെ ഏറ്റവും വികസിതമായ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ മാലിന്യങ്ങളുടെ കുത്തൊഴുക്ക് മുഴുവന്‍ പതിറ്റാണ്ടുകളായി പേറുന്നത് ഇവരാണ്. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍, പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന ഈ ഭാഗത്തെ ചില സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു. അതെ തുടര്‍ന്ന് ചില നടപടികള്‍ എടുത്തുവെങ്കിലും ശേഷം പുഴയിലേക്കുള്ള മാലിന്യം ഒഴുക്കല്‍ പഴയതിനേക്കാള്‍ മോശമായി. പേട്ട ഭാഗത്ത് കിണറുകള്‍ പൂര്‍ണമായും ഉപയോഗ ശൂന്യമായിരിക്കുകയാണ്. മണ്ണാന്‍ കടവ് തോട് ഇപ്പോഴത്തെ കടുത്ത വേനലിലും നിറഞ്ഞൊഴുകുകയാണ്. ഉന്നത വ്യവസായങ്ങളും സ്ഥാപനങ്ങളും നടത്തുന്ന, ജനങ്ങളുടെ ജീവിതവും ആരോഗ്യവും നശിപ്പിച്ചുകൊണ്ടുള്ള പുഴ മലിനീകരണത്തില്‍ അധികാരികള്‍ കണ്ണടക്കുകയാണെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ആരോപിക്കുന്നത്. ഈ സ്ഥാപനങ്ങളെ രാഷ്ട്രീയക്കാര്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകളായി കാണുകയാണെന്നും അതുകൊണ്ടുതന്നെ നടപടികള്‍ കടലാസില്‍ ഒതുങ്ങുന്നുവെന്നും സംഘടന ആരോപിക്കുന്നു. മൂവാറ്റുപുഴയാറിന്റെ മാലിന്യ നിരക്ക് കഴിഞ്ഞ കോവിഡ്‌സമയത്ത് അത്ഭുതകരമായി താഴ്‌ന്നെങ്കിലും വീണ്ടും ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങളിലേക്ക് നദി മാറിയിരിക്കുകയാണ്. മത്സ്യ സമ്പത്തില്‍ വലിയ രീതിയില്‍ കുറവ് വന്നിട്ടുണ്ട്. തോടിലെ രാസമാലിന്യങ്ങളുടെയും കോളിഫോം ബാക്ടീരിയയുടെയും അളവ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളിലാണ് സംഘടന. മനുഷ്യാവകാശ കമ്മീഷന് അടക്കം പരാതികള്‍ നല്‍കിക്കൊണ്ട് അധികാരികള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് സംഘടനയ്ക്ക് വേണ്ടി അസീസ് കുന്നപ്പിള്ളി, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ പറഞ്ഞു.