നഗരസഭ ഡ്രീം ലാന്റ് പാര്‍ക്കിന്റെയും, ജല സ്രോതസുകളുടെയും നവീകരണത്തിനായി 138 ലക്ഷം രൂപയുടെ അനുമതി

മൂവാറ്റുപുഴ: പരമ്പരാഗത ജല സ്രോതസുകളുടെയും, മൂവാറ്റുപുഴ നഗരസഭ ഡ്രീം ലാന്റ് പാര്‍ക്കിന്റെയും നവീകരണത്തിനായി അമൃത് പദ്ധതി പ്രകാരം 138 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമൃത് സ്റ്റേറ്റ് ഹൈപവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയാണ് നഗരസഭ സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ലതാ ജംഗ്ഷനിലുളള ഡ്രീം ലാന്റ് പാര്‍ക്ക് നവീകരിക്കുന്നതിനായി അമ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. തൊടുപുഴ ആറിന്റെ തീരത്തുളള ഈ പാര്‍ക്കിന് മൂന്ന് ഏക്കറിലധികം വിസ്തൃതിയാണുളളത്.
ഇവിടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധിതിയിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ക്ക് കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് നവീകരണ രൂപ രേഖ തയാറാക്കും. പുതിയ ശില്‍പങ്ങളും കൂടുതല്‍ ഉപകരണങ്ങളും പാര്‍ക്കില്‍ സ്ഥാപിക്കും. നടപ്പാതകള്‍ നവീകരിച്ചും, പൂന്തോട്ടം നിര്‍മ്മിച്ചും പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കും.
നഗരത്തിലെ പരമ്പരാഗത ജലസ്രോതസുകള്‍ നവീകരിച്ച് ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുളള മറ്റൊരു പദ്ധതിക്കായി 88 ലക്ഷം രൂപ ലഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. ഇരുപത്തിആറാം വാര്‍ഡിലെ മനക്കകുളം നവീകരിക്കുന്നതിന് 28 ലക്ഷം രൂപയും, ഇരുപത്തിമൂന്നാം വാര്‍ഡിലെ ആമ്പറ്റകുളം നവീകരിക്കുന്നതിന് 30 ലക്ഷം രൂപയും, ഇരുപതാം വാര്‍ഡിലെ പഞ്ചായത്ത് കുളം നവീകരിക്കുന്നതിന് 27 ലക്ഷം രൂപയും, 17, 25, 24 വാര്‍ഡുകളിലെ പൊതു കിണറുകളുടെ അറ്റകുറ്റ പണികള്‍ക്കായി ഓരോ ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ഉടന്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.