വടാട്ടുപാറയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനകുട്ടിയെ സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് എം എൽ എ

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പുഴയുടെ സമീപം വനത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനകുട്ടിയെ സുരക്ഷിതമായി ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. വടാട്ടുപാറ പലവൻപടിയിൽ
വാട്ടർ ടാങ്കിനു സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടുകാർ കാട്ടാന കുട്ടിയെ
കണ്ടെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനു കീഴിൽ തുണ്ടം റേഞ്ചിൽ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിക്ക് ഏകദേശം നാല് മാസം മാത്രമാണ് പ്രായമെന്ന് വെറ്റിനറി ഡോക്ടർ പരിശോധിച്ച് സ്ഥിരികരിച്ചു.
നിലവിൽ ആനക്കയം ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയാണെന്നും,കടുത്ത ചൂടിലും മറ്റും കാട്ടാനക്കുട്ടി ക്ഷീണിതനാണെന്നും അതുകൊണ്ട് ഏതെങ്കിലും സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടി ആനയെ അടിയന്തിരമായി മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഫോട്ടോ….വടാട്ടുപാറയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തി ആനക്കയം ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയെ ആൻറണി ജോൺ എം എൽ എ സന്ദർശിച്ചപ്പോൾ