നേര്യമംഗലം കാ​ഞ്ഞി​ര​വേ​ലി​യി​ൽ കൊ​ല​കൊമ്പന്‍ വീ​ണ്ടു​മെ​ത്തി

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊലകൊല്ലി കാട്ടുകൊമ്പന്‍ വീണ്ടുമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കാട്ടാന ആക്രമണത്തില്‍ കാഞ്ഞിരവേലിയില്‍ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിടും മുമ്പ് കൊലകൊല്ലി കാട്ടുകൊമ്പന്‍ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് എത്തുന്നത്. പ്രദേശവാസികള്‍ പുറത്തിറങ്ങാനാകാത്ത വിധം ഭീതിയിലാണ്. ആളെ കൊല്ലി കാട്ടാന പ്രദേശത്തെ കൃഷിയിടങ്ങളില്‍ വിളയാടുകയാണ്. ഇതിനിടെ ആനയെ തുരത്താന്‍ നിയോഗിച്ച ആര്‍ആര്‍ടി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. മാടകയില്‍ ശ്രീനിവാസന്‍, മായ്ക്കല്‍ രാജേഷ് എന്നിവരുടെ പുരയിടത്തിലിറങ്ങിയ കാട്ടുകൊമ്പന്‍ നൂറോളം ഏത്തവാഴകളാണ് ശനിയാഴ്ച രാത്രി കൊണ്ട് നശിപ്പിച്ചത്. നാട്ടുകാരും ആര്‍ആര്‍ടി ദൗത്യസംഘവും ചേര്‍ന്നാണ് ആനയെ തുരത്തിയത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന പ്രദേശത്ത് വീട്ടമ്മയുടെ മരണശേഷം സ്ഥിരമായി ആര്‍ആര്‍ടിയെ വിന്യസിക്കുമെന്ന് മന്ത്രിതലത്തില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. ദിവസത്തില്‍ ഏതെങ്കിലും സമയത്ത് ദൗത്യസംഘം എത്തി നിരീക്ഷണം നടത്തി മടങ്ങുകയാണ് പതിവ്. പ്രദേശത്ത് സ്ഥിരമായി പ്രത്യേകിച്ച് വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെ നിരീക്ഷണം നടത്തി കൊമ്പനെ ഗ്രാമത്തിലേക്ക് ഇറങ്ങാതെ തുരത്തുന്നതിന് വേണ്ട ക്രമീകരണം നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പണികള്‍ അടിയന്തരമായി നടത്തണം. ഈ മാസം ഫെന്‍സിംഗ് നിര്‍മാണം ആരംഭിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥിരമായി ആര്‍ആര്‍ടിയെ നിയോഗിക്കുമെന്നുള്ള പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടത്താനാണ് നാട്ടുകാര്‍ തീരുമാനിച്ചിട്ടുള്ളത്.

Back to top button
error: Content is protected !!