കിഴുമുറി ഗവ. എല്‍പി സ്‌കൂളില്‍ സായാഹ്ന ശില്‍പശാല സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴുമുറി ഗവ. എല്‍പി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ഒപ്പം ഒപ്പത്തിനൊപ്പം ‘ എന്ന പേരില്‍ സായാഹ്ന ശില്‍പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ പി.ജി. ശ്യാമളവര്‍ണ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പായിപ്ര ഗവ. യുപി സ്‌കൂളിലെ അധ്യാപകനുമായ കെ.എം നൗഫല്‍, മലയാളത്തിളക്കത്തിലൂടെ ശ്രദ്ധേയനായ പുറ്റമാനൂര്‍ ഗവ. യുപി സ്‌കൂളിലെ അധ്യാപകന്‍ ടി.ടി പൗലോസ് എന്നിവര്‍ ശില്‍പശാല നയിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും തമ്മിലുള്ള ആശയവിനിമയ വിടവ് നികത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഒന്ന്, രണ്ട് ക്ലാസുകളുടെ സംയുക്ത ഡയറി ചടങ്ങില്‍ പ്രകാശിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ജി ശ്യാമളവര്‍ണ്ണനെ ചടങ്ങില്‍ ആദരിച്ചു. ശതാബ്ദി കമ്മിറ്റിയും പി.ടി.എ യും സംഘടിപ്പിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ആര്‍ ബിന്ദു, പിടിഎ പ്രസിഡന്റ് എം ഡി പ്രസാദ്, വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോര്‍ജ് , സീനിയര്‍ അസിസ്റ്റന്റ് സരിത സി.പി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഗോവിന്ദ് രാജ് എസ്, അനു റെജി, ലത മാധവന്‍, മാതൃസംഘം ചെയര്‍പേഴ്‌സന്‍ പ്രവിത റെജി, എസ്.എം.സി ചെയര്‍മാന്‍ സനീഷ് ഗോപി, ശതാബ്ദി കമ്മറ്റി അംഗങ്ങള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.ശതാബ്ദിയുടെ ഭാഗമായി വിദ്യാര്‍ത്ഥകളും രക്ഷിതാക്കളും കമ്മറ്റി അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് 100 ദീപങ്ങള്‍ തെളിയിച്ചു.

 

Back to top button
error: Content is protected !!