മൂവാറ്റുപുഴയ്ക്ക് അഭിമാനമായി കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് എഴുത്തുകാരി നളിനിബേക്കലിന്

മൂവാറ്റുപുഴ: സാഹിത്യ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുളള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് എഴുത്തുകാരി നളിനിബേക്കലിന് ലഭിച്ചു. മൂവാറ്റുപുഴ പായിപ്ര അകത്തൂത്ത് സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്റെ ഭാര്യയാണ് നളിനി ബേക്കല്‍.കാസര്‍ഗോട് ബേക്കലില്‍ നിന്നും പായിപ്ര രാധാകൃഷ്ണന്റെ സഹധര്‍മ്മണിയായി പായിപ്ര ഗ്രാമത്തിന്റെ പുത്ര വധുവായെത്തിയ നളിനി അവാര്‍ഡ് വിവരം അറിഞ്ഞ ആദ്യം ഓര്‍ത്തത് അന്തരിച്ച രാമുകാര്യാട്ടിനെയാണ് .തുരുത്ത് നോവല്‍ എനിക്കു തരണം സിനിമയാക്കാന്‍ എന്നതുമാത്രമല്ല മറ്റാര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ എന്നോട് ആലോചിച്ചിട്ടേ ചെയ്യാവുവെന്ന 1970-കളിലെ ആരേയും മോഹിപ്പിക്കുന്ന രാമുകാര്യാട്ടിന്റെ ഈ വരികള്‍ എന്നും നളിനിയുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു . ചെമ്മീനുശേഷം കര്‍ണ്ണാടകത്തില്‍ മലങ്കാറ്റെന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലാണ് തന്നെ വല്ലാതെ ആകര്‍ഷിച്ച രാമുകാര്യാട്ടിന്റെ തുരുത്തിനെകുറിച്ചുളള കത്ത് എഴുത്തില്‍ തുടക്കക്കാരിയായ തനിക്ക് ലഭിച്ചതെന്ന് അവാര്‍ഡ് വിവരം അറിഞ്ഞ നളിനി ഓര്‍ത്തെടുക്കുന്നു. തുരുത്തിന്റെ പാട്ടുകള്‍ റിക്കോര്‍ഡു ചെയ്താണ് ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് എന്നതും പ്രത്യേകതയാണ് .തുരുത്ത്, ഹംസഗാനം, കൃഷ്ണ , അമ്മദൈവങ്ങള്‍, കണ്വതീര്‍ത്ഥം, ശിലാവനങ്ങള്‍, ദേവവദു, തുടങ്ങിയ നോവലുകളും, ഒറ്റക്കാലം, അമ്മയെ കണ്ടവരുണ്ടോ, എന്നീ കഥാസമാഹാരങ്ങളും, കുഞ്ഞിത്തെയ്യമെന്ന ബാലസാഹിത്യകൃതിയും നളിനി ബേക്കലിന്റെ സാഹിത്യകൃതികളാണ് . ഇടശ്ശേരി അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് നോവല്‍ അവാര്‍ഡ് , കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് ഫെല്ലോഷിപ്പ് എന്നിവയും നളിനിക്ക് ലഭിച്ചിട്ടുണ്ട്. കേസരിയുടെ പിതൃഭവനംകൂടിയായ പായിപ്രയിലെ അകത്തൂട്ട് വീട്ടിലെ അമ്മക്കും മക്കള്‍ക്കുമായി കേരള- കേന്ദ്ര സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുളള പുരസ്‌ക്കാരമാണ് നളിനിക്ക് ലഭിച്ചത് . കേന്ദ്ര സാഹിത്യ അക്കാദമുയുടെ സാഹിത്യ പുരസ്‌ക്കാരം ഈ വര്‍ഷം തന്നെയാണ് മകള്‍ അനുജക്ക് ലഭിച്ചത് . പായിപ്ര രാധാകൃഷ്ണന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കുമ്പോഴാണ് അക്കാദമി സമഗ്രസംഭാവനക്കുളള അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നതും യാദര്‍ശ്ചീകമാണെന്നതും നളിനി ഓര്‍ക്കുന്നു . കൗമാരകാലത്തെ ഓര്‍മ്മകളെ മിനുക്കിയെടുക്കുന്ന പുതിയ പുസ്തകത്തിന്റെരചനയിലാണ് നളിനി ബേക്കല്‍. രണ്ട് മക്കള്‍ ഡോ. അനുരാധ ( ഗവ.മെഡിക്കല്‍ ഓഫീസര്‍), ഡോ. അനുജ അകത്തൂട്ട് ( കേന്ദ്രകാര്‍ഷീക ഗവേഷണകേന്ദ്രം സയന്റിസ്റ്റ് ) രണ്ട് പേരക്കുട്ടികള്‍ അദ്വൈതകഷ്ണയും, ദേവകൃഷ്ണയും. അമ്മൂമ്മയായകുടുംബിനിയും ഓപ്പം എഴുത്തുകാരിയുമായ നളിനി ബേക്കല്‍ അവാര്‍ഡ് ലഭിച്ചതിന്റെ നിറഞ്ഞ സന്തോഷത്തിലാണ്.അവാര്‍ഡ് വിവരമറിഞ്ഞ് എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ എന്നിവര്‍ നളിനി ബേക്കലിന്റെ വീട്ടിലെ ഉപഹാരം നല്‍കി ആദരിച്ചു.
ചിത്രം- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നളിനി ബേക്കലിന് എല്‍ദോ എബ്രഹാം എം.എല്‍.എ ഉപഹാരം നല്‍കുന്നു….