കവളങ്ങാട് പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കോതമംഗലം: കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി കവളങ്ങട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വരുന്ന രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത കുടുംബങ്ങൾക്ക് കണക്ഷൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളും കവളങ്ങാട് ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളി ത്തത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

34.47 കോടി രൂപ ചെലവിൽ പെരിയാർ നദിയെ ജലസ്രോതസ്സാക്കി 3.55 എം.എൽ.ഡിയുടെ ജലശുദ്ധീകരണശാല ആവോലിച്ചാലിൽ നിർമ്മിക്കൽ, വിവിധ ഭാഗങ്ങളിൽ ജലസംഭരണികൾ ക്രമീകരിക്കൽ, പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും വിതരണ ശൃംഘലയും സ്ഥാപിക്കൽ എന്നീ കാര്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്‌തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റ്റി.എച്ച് നൗഷാദ്, ഷിബു പടപ്പറമ്പത്ത്, ഉഷ ശിവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!