നവകേരള സദസ്സില്‍ അടഞ്ഞ്കിടക്കുന്ന കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ശുചിമുറി തുറന്ന് നല്‍കണമെന്ന് അവശ്യം

കോതമംഗലം: നവകേരള സദസ്സിന്റെ വേദിയില്‍ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സ്ത്രീകളുടെ ശുചിമുറി തുറന്ന് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം നിയോജക മണ്ഡലം വനിതാ വിംഗ് ഭാരവാഹികള്‍. താലൂക്ക് ആസ്ഥാനവും, മുന്‍സിപ്പല്‍ നഗരവും, ഹൈറേഞ്ചിന്റെ കവാടവുമാണ് കോതമംഗലം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, മൂന്നാര്‍ എന്നിവയുടെ ഇടത്താവളമായ നഗരം കൂടിയാണിത്. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്ത്രീകളുടെ ശുചിമുറി ഏറെ നാളുകളായി പ്രവര്‍ത്തന രഹിതമായി അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം ദിനംപ്രതി കോതമംഗലത്ത് എത്തുന്ന വനിതാ യാത്രക്കാര്‍ക്കും മൂന്നാര്‍, തേക്കടി ഭാഗത്തേക്ക് സഞ്ചരിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഈ വിഷയം അടിയന്തരമായി പരിഗണിച്ച് പരിഹാരം കണ്ടെത്തി കോതമംഗലം നഗരത്തെ വനിതാ സൗഹൃദ നഗരമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോതമംഗലം നിയോജക മണ്ഡലം, വനിതാ വിംഗ് ഭാരവാഹികള്‍ നവകേരള സദസ്സിന് മുന്നില്‍ പരാതി നല്‍കിയത്. വളരെയേറെ പ്രതീക്ഷകളോടെയാണ് നവകേരള സദസ്സിനെ ഉറ്റുനോക്കുന്നതെന്നും അടുത്ത മാര്‍ച്ചിലെ വനിതാ ദിനത്തിന് മുന്‍പെങ്കിലും ആവശ്യം നിറവേറ്റപ്പെടുമെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് ആഷാ ലില്ലി തോമസ് പറഞ്ഞു.

Back to top button
error: Content is protected !!