പത്ത് കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍

പെരുമ്പാവൂര്‍: പത്ത് കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബാബ എന്ന അറിയപ്പെടുന്ന ആസാം സ്വദേശി ഇബ്രാഹിം അലിയെ(41)യാണ് കുന്നത്തുനാട് എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ പിടിയിലായ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ ഇബ്രാഹിം അലി ആസാമില്‍ നിന്ന് കഞ്ചാവുമായി വരുമെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ താമസസ്ഥലം കണ്ടെത്തുകയും വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായപ്പോള്‍ പ്രതി വില്‍പനയ്ക്കായി കഞ്ചാവ് ചെറുപൊതികളില്‍ ആക്കുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ആറു ലക്ഷത്തോളം രൂപ വില വരും. ആസാം ബാബ എന്നറിയപ്പെടുന്ന കഞ്ചാവാണ് പ്രതി വില്‍പന നടത്തിയിരുന്നത്. അഞ്ച് ഗ്രാമിന്റെ ചെറുപുതികളില്‍ ആക്കി 300 രൂപയ്ക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിറ്റിരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സലിം യൂസഫ്, കെ.ടി. സാജു പ്രിവന്റീസര്‍ സിബി രഞ്ചു,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ആര്‍. ജേഷ്, പി.ആര്‍. അനുരാജ് എം.എ. അസൈനാര്‍, എ.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!