92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യു പിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അതിനിടെ കര്‍ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കര്‍ണാടക പോലീസാണ് ജെ.പി നദ്ദക്കും, സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും, ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്ന കാര്‍ട്ടൂണ്‍ വീഡിയോയാണ് മെയ് 4 ന് പങ്ക് വച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കര്‍ണാടക പോലീസ് കേസെടുത്തത്.

 

Back to top button
error: Content is protected !!