പായിപ്രയിലെ ജനവാസ മേഖലയില്‍ 100 ഓളം കവറുകളിലാക്കി ഹോട്ടല്‍ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍.

മൂവാറ്റുപുഴ: പായിപ്ര ഇലാഹിയ കോളേജിന് സമീപം ജനവാസ മേഖലയില്‍ രാത്രിയുടെ മറവില്‍ ടോറസ് ലോറിയില്‍ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. വെള്ളിയാഴ്ച രാത്രിയിലാണ് കോളനി പ്രദേശത്തെ പാറമടയില്‍ മണ്ണിട്ട് നികത്തുന്നതിന്റെ മറവില്‍ ഹോട്ടല്‍ മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളിയിരിക്കുന്നത്. പഴകിയ മാംസവും, ഹോട്ടല്‍ മാലിന്യവുമുള്‍പ്പെടെ 100 ഓളം കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മാലിന്യം ടോറസ് ലോറിയില്‍ റോഡിന്റെ സമീപത്തായി നിക്ഷേപിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാറമട മണ്ണിട്ടു നികത്തുന്ന സ്ഥലത്താണ് മാലിന്യം തള്ളിയിരിക്കുന്നത് .ഈ സ്ഥലത്തേക്ക് കയറുവാന്‍ ഗേറ്റും, പൂട്ടും സ്ഥാപിച്ചിരുന്നുവെങ്കിലും പൂട്ടും, ഗേറ്റും തകര്‍ത്തതിന്റെയോ ലക്ഷണങ്ങള്‍ ഇല്ല. രാത്രിയുടെമറവില്‍ പ്രദേശത്ത് മാലിന്യം തള്ളിന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ പ്ലൈവുഡ് കമ്പനികയിലെ സിസിടിവിയില്‍ ലഭ്യമായിട്ടുണ്ട്. മാലിന്യവുമായി ലോറി കടന്നുവരുന്ന ദൃശ്യം വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 അണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ ലോറിയുടെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. പായിപ്ര പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റിപ്പോര്‍ട്ട് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കും. മാലിന്യങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വെള്ളവും, മറ്റും പുറത്തേക്ക് ഒഴുകുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് മെമ്പര്‍ സക്കീര്‍ഹുസൈന്‍ ആവശ്യപ്പെട്ടു. ബ്രഹ്‌മപുരത്ത് ഉള്‍പ്പെടെ മാലിന്യ സംസ്‌ക്കരണ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവിടെ നിന്നുള്ള മാലിര്യമാണോയെന്നും ജനങ്ങള്‍ സംശയിക്കുന്നു. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കില്‍ വലിയ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എഐവൈഎഫ് മേഖല സെക്രട്ടറി അന്‍ഷാജ് തേനാലി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്കും, പോലീസിനും ,ആര്‍ഡി.ഒക്കും ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!