അജ്മലിന്റെ കൃഷിയിടത്തില്‍ അസം ചുരക്ക കൃഷിയുടെ വിളവെടുപ്പ് നടത്തി

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് ശ്രദ്ധേയനായ പല്ലാരിമംഗലം സ്വദേശി അജ്മലിന്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി. അസമില്‍ നിന്ന് വിത്തുകളെത്തിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ അടിവാട് അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതിനെ തുടര്‍ന്നാണ് വാരപ്പെട്ടിയില്‍ രണ്ടേക്കര്‍ സ്ഥലത്ത് അസം ചുരക്ക കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പിന് ശേഷം അടിവാട് ചെയ്തിരുന്ന കൃഷി സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു. വിത്തുകള്‍ എത്തിക്കുന്നതിനും, കൃഷികള്‍ക്ക് ഒപ്പം നില്‍ക്കുന്നതിനും അജ്മലിന് കൂട്ടായിട്ടുള്ളത് അസം സ്വദേശി ഉമ്മര്‍ ആണ്. അജ്മലിനെപ്പോലുള്ള യുവാക്കള്‍ കാര്‍ഷികരംഗത്തേക്ക് കടന്നു വരണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖന്‍ നായര്‍ വിളവെടുപ്പിന് ശേഷം പറഞ്ഞു. വാരപ്പെട്ടിയില്‍ രണ്ടേക്കര്‍ സ്ഥലത്താണ് അജ്മല്‍ അസം ചുരക്ക കൃഷി ചെയ്തത്. ഈ കൃഷിയില്‍ പ്രധാനം കൃത്യമായ നനയാണെന്നും, ഇതര സംസ്ഥാനക്കാര്‍ മാത്രമല്ല പ്രദേശവാസികളും ഇപ്പോള്‍ അസം ചുരക്ക തേടി വരാറുണ്ടെന്നും കൃഷിയുടു അജ്മല്‍ പറഞ്ഞു. രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ചുരക്കകള്‍ വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും കിലോ തൂക്കം വരുന്ന കായ്കള്‍ പറിച്ചെടുത്ത് സമീപ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യും.

 

Back to top button
error: Content is protected !!