മൂവാറ്റുപുഴ നഗരസഭയുടെ ഹരിത ബൂത്ത് പോളിംഗിനായി തയ്യാര്‍

മൂവാറ്റുപുഴ: കുരുത്തോലകളാല്‍ അലങ്കരിച്ച പ്രവേശനകവാടവും ചേമ്പിലകളില്‍ സ്വാഗതം എഴുതിയ ബോര്‍ഡുകളുമായി മൂവാറ്റുപുഴ നഗരസഭയുടെ ഹരിത ബൂത്ത് പോളിംഗിനായി തയ്യാര്‍. ലോകസഭ തെരഞ്ഞെടുപ്പിനെ ഹരിതാഭവും പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് നഗരസഭ ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ടൗണ്‍ യുപി സ്‌കൂളിലെ രണ്ട് ബൂത്തുകളാണ് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹരിത ബൂത്തായി സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് മുക്തവുമാക്കി ചേമ്പിന്‍ താളും, കുരുത്തോലയും, ഓലയുമെല്ലാമുപയോഗിച്ചാണ് ഹരിത ബൂത്തിലെ അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ‘നമ്മളാണ് മാറ്റം’ എന്ന് ചേമ്പിലയില്‍ വോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണവും ഹരിത ബൂത്തില്‍ നല്‍കുന്നു. സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന 46,47 ബൂത്തുകളാണ് ഹരിത പോളിംഗ് ബൂത്തുകളാക്കി മാറ്റിയിരിക്കുന്നത്. 46-ാം ബൂത്തില്‍ 1219 വോട്ടര്‍മാരും, 47-ാം ബൂത്തില്‍ 1262 വോട്ടര്‍മാരുമാണ് നാളെ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് കുടിക്കുന്നതിനായി ദാഹജലം നല്‍കുക എന്ന ലക്ഷ്യത്തോടെ തണ്ണീര്‍പ്പന്തലും ഹരിത ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മണ്‍കൂജയിലാണ് തണ്ണീര്‍പ്പന്തലില്‍ വോട്ടര്‍മാര്‍ക്ക് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്.വെള്ളം തീരുന്ന മുറയ്ക്ക് അത് നിറയ്ക്കുന്നതിനായി പ്രത്യേക ജോലിക്കാരെയും നഗരസഭ നിയമിച്ചിട്ടുണ്ട്. നഗരസഭയിലെ ക്ലീന്‍ സിറ്റി മാനേജര്‍ നൗഷാദ് എയുടെ നേതൃത്വത്തിലാണ് ഹരിത ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.നഗരസഭാ ജീവനക്കാര്‍,ശുചീകരണ തൊഴിലാളികള്‍ എന്നിവവര്‍ ഹരിത ബൂത്ത് നിര്‍മ്മാണത്തില്‍ പങ്കാളികളായി

 

Back to top button
error: Content is protected !!