ആവേശം നിറച്ച് മൂവാറ്റുപുഴയിലെ മുന്നണികളുടെ കൊട്ടിക്കലാശം

മൂവാറ്റുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കലാശക്കൊട്ടോടെ മൂവാറ്റുപുഴയിലും സമാപനം കുറിച്ചു.സുരക്ഷ ക്രമീകണത്തിന്റെ ഭാഗമായി മൂന്ന് മുന്നണികള്‍ക്ക് മൂന്ന് ഇടങ്ങളിലായാണ് കലാശക്കൊട്ടിന് ഇടം നല്‍കിയത്. യുഡിഎഫിന് പിഒ ജംഗ്ഷനിലും എല്‍ഡിഎഫിന് കച്ചേരിത്താഴത്തും ബിജെപിയ്ക്ക് വെള്ളൂര്‍ക്കുന്നം എന്നിങ്ങനെയാണ് സ്ഥലങ്ങള്‍ ക്രമീകരിച്ച് നല്‍കിയിരുന്നത്. മൂന്ന് ഇടങ്ങളിലും വന്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കലാശക്കൊട്ടിന് എത്തിയത്. 4മണിയോടെ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ കൊട്ടിക്കലശാത്തിന് അവരവര്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലങ്ങളില്‍ കളം പിടിച്ചിരുന്നു.

മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിലായി പ്രചരണം നടത്തിയിരുന്ന വാഹനങ്ങളും ഉച്ചയോടെ നഗരത്തില്‍ സജീവമായിരുന്നു. മൂവാറ്റുപുഴയില്‍ മൂന്ന് സ്ഥാനര്‍ത്ഥികളും കലാശക്കൊട്ടിന് എത്തിയില്ലെങ്കിലും ഒട്ടും ആവേശം ചോരാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ ശക്തിപ്രകടനം കാഴ്ചവെച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മുന്നണികളുടെ കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. പാട്ടും മുദ്രാവാക്യങ്ങളും താളമേളങ്ങളും മുഴങ്ങിയ കലാശക്കൊട്ടില്‍ വര്‍ണ്ണക്കടലാസുകളും വര്‍ണബലൂണുകളും കാറ്റില്‍ പാറി. വെള്ളൂര്‍ക്കുന്നത്ത് നടന്ന ബിജെപിയുടെ ശക്തിപ്രകടനത്തിനാണ് ഏറ്റവും കുറവ് ആളുകള്‍ പങ്കെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴയിലും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് കട്ടപ്പനയിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ തൊടുപുഴയിലും കലാശക്കൊട്ടില്‍ പങ്കുചേര്‍ന്നു. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

Back to top button
error: Content is protected !!