സ്ഥാപനത്തില്‍ ഡയറക്ടര്‍ സ്ഥാനവും ഉടമസ്ഥാവകാശവും നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ടംഗ സംഘം പിടിയില്‍

പെരുമ്പാവൂര്‍: പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ സ്ഥാനവും ഉടമസ്ഥാവകാശവും നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ ചെമ്പുക്കാവ് തെക്കേത്തറ ജയന്‍ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പില്‍ ഫ്രെഡി ഫ്രാന്‍സിസ് (41) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപയും, വേങ്ങൂര്‍ സ്വദേശിനിയില്‍ നിന്നു 32 ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. പ്രതികള്‍ എറണാകുളത്ത് പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനവും, പങ്കാളിത്തവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. പ്രതികള്‍ സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യാജരേഖകളും കാണിച്ചു. പണം മുടക്കിയിട്ടും വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് പരാതി നല്‍കുകയായിരുന്നു. ജയനെതിരെ സമാനമായ നിരവധി പരാതികളുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട കൂടുതലാളുകള്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തി. ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ്, എസ്‌ഐമാരായ ടി. ബിജു, ശ്രീകുമാര്‍, സീനിയര്‍ സിപിഒമാരായ എം.ബി. സുബൈര്‍, അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ജയന്റെ പേരില്‍ രണ്ട് കേസും , ഫ്രഡിയുടെ പേരില്‍ ഒരു കേസുമാണ് കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Back to top button
error: Content is protected !!