സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം; പ്രതീക്ഷകൾ അനവധി

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളില്‍ വിജയകരമായി നടപ്പാക്കിയ നാലുവര്‍ഷം നീളുന്ന ബിരുദ കോഴ്സുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പസ്സുകളില്‍ ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നല്‍കുന്നതാണ് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകിയാണെങ്കിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രതീക്ഷകള്‍ അനവധിയാണ്. ആഗോളതലത്തില്‍ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണെന്നത് വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനുപരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവര്‍ഷ ഓണേഴ്സ് കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം. നൈപുണ്യ വികസനം, തൊഴില്‍ ക്ഷമത വര്‍ധന, മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ലക്ഷ്യം. ഇന്ത്യയിലെ അമ്പത് ശതമാനം ബിരുദധാരികള്‍ക്കും ജോലി ചെയ്യാനാവശ്യമായ നൈപുണ്യമില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പലകാരണങ്ങള്‍ മൂലം കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബിരുദം നേടാനുള്ള അവസരം ലഭിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ് സംവിധാനമുണ്ട്. ഓരോ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാകുമ്പോഴും വിവിധ സര്‍ട്ടിഫിക്കേഷനുകളാണ് ലഭിക്കുക. ഒരു സര്‍വകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകളില്‍ അടിസ്ഥാനസൗകര്യ വികസനം ഉടന്‍ നടപ്പാക്കണം. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാകുകയും അധ്യാപകര്‍ സജ്ജരാവുകയും ചെയ്താല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളില്‍ എത്തും.

 

Back to top button
error: Content is protected !!