തൃപ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ കളക്ടറും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതിനിടെ, സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ചു പേരാണ് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ബേണ്‍ ഐസിയുവിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദിവാകരൻ (55) വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് ദിവാകരനെ വിധേയമാക്കി. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിലിനെയും (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇവര്‍ക്ക് പുറമെ മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുകയാണെന്ന് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു

Back to top button
error: Content is protected !!