പച്ചവല വിരിച്ചിട്ടും ഫലമില്ല, പ്രതീക്ഷകൾക്ക് പൊള്ളലേറ്റു; ചൂടിൽ വാടി

പിറവം∙‌വേനൽമഴ അകന്നു നിൽക്കുന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു പൈനാപ്പിൾ കർഷകർ. നാളുകൾക്കു ശേഷം മികച്ച വില ലഭിച്ചെങ്കിലും ചൂടു മൂലം ചെടികളും പൈനാപ്പിളും വാടിക്കരിയുകയാണ്. എ ഗ്രേഡ് പൈനാപ്പിളിന് ഇപ്പോൾ കിലോഗ്രാമിന് 55 രൂപ മുതൽ വില ലഭിക്കുന്നുണ്ട്.എന്നാൽ പ്രതികൂല കാലാവസ്ഥയിൽ പകുതി പോലും എ ഗ്രേഡ് ലഭിക്കുന്നില്ല. സാധാരണ നിലയിൽ 75% വരെയും എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുള്ളതായി കർഷകൻ റെജി വട്ടപ്പാറ പറഞ്ഞു. ചൂടു കൂടിയതോടെ പലയിടത്തും പൈനാപ്പിൾ ചെടികൾക്കു പ്രതിരോധ മാർഗമായി ഗ്രീൻനെറ്റും ഓലയും ഉണങ്ങിയ വാഴയിലയും ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. ഭൂരിഭാഗം ജലസ്രോതസ്സുകളും വരണ്ടതോടെ നനയ്ക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതായി.ആഴ്ചയിൽ ഒരു ദിവസമെങ്കിലും നനയ്ക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ എ ഗ്രേഡ് നിലവാരത്തിലുള്ള പൈനാപ്പിൾ ലഭിക്കുകയുള്ളൂ.

റമസാൻ– വിഷു വിപണി വിളവെടുപ്പു ലക്ഷ്യമിട്ട് ആരംഭിച്ച കൃഷിയാണു നാശത്തിലേക്കു നീങ്ങുന്നത്. ചൂടു ഉയർന്നു നിൽക്കുന്നതിനാൽ വിളവെടുപ്പിനു പാകമായ പൈനാപ്പിളിന്റെ നീരു വറ്റി വളർച്ച മുരടിക്കും.വെയിലേൽക്കുന്ന ഭാഗം ചീഞ്ഞു നശിക്കുന്നതും നഷ്ട തോത് കൂട്ടുന്നു. മേഖലയിൽ പ്രധാനമായി റബർ കൃഷിയുടെ ഇടവിളയായാണു പൈനാപ്പിൾ കൃഷി ചെയ്യുന്നത്. റബർ തൈനട്ടു 3 വർഷം വരെ പരിപാലനവും ഉൾപ്പെടെ വ്യവസ്ഥകളോടെയാണു കൃഷിസ്ഥലം പൈനാപ്പിൾ കൃഷിക്ക് എടുക്കുന്നത്.ബാങ്ക് വായ്പ ആശ്രയിച്ചു പാട്ടത്തിനെടുത്ത സ്ഥലത്തു കൃഷി ആരംഭിച്ചവർ കാലാവസ്ഥ വ്യതിയാനത്തിൽ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.

Back to top button
error: Content is protected !!