വ​ണ്ട​ർ വേ​ൾ​ഡി​ൽ ഭിന്നശേഷിക്കാർക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം; പ്രദർശനത്തിന് തി​ര​ക്കേ​റി

മൂവാറ്റുപുഴ: നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റ് വണ്ടര്‍ വേള്‍ഡില്‍ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രവേശനം സൗജന്യം. വീല്‍ ചെയര്‍, മുച്ചക്ര മോട്ടോര്‍ സൈക്കിള്‍ എന്നിവയില്‍ സഞ്ചരിക്കുന്നവര്‍, സംസാര, കേള്‍വി പരിമിതികള്‍ ഉളളവര്‍, ഭിന്നശേഷിക്കാര്‍, അംഗ വൈകല്യമുളളവര്‍ തുടങ്ങിയവര്‍ക്കാണ് പ്രവേശനം സൗജന്യമെന്ന് സംഘാടകര്‍ പറഞ്ഞു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുളള പന്തലിലാണ് നഗരസഭയുടെ സഹകരണത്തോടെ ഫെസ്റ്റ് നടക്കുന്നത്. അവധിക്കാലം കുട്ടികള്‍ക്ക് ആഹ്ലാദകരമാക്കുകയാണ് ലക്ഷ്യം. ദൃശ്യ വിസ്മയങ്ങളും അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും വാണിജ്യ സ്റ്റാളുകളും കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന കൗതുക ഗെയിമുകളും ഫെസ്റ്റിലുണ്ട്. ബാഹുബലി ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ലണ്ടന്‍ സിറ്റി വിസ്മയ കാഴ്ചയാണ്. കോഫി ഷോപ്പുകളും ടെലിഫോണ്‍ ബൂത്തുകളും റീഡിംഗ് റൂമും പെറ്റ് ഷോപ്പും അടക്കം ഇരുനിലകളിലായി ലണ്ടന്‍ സിറ്റിയെ ഒപ്പി എടുത്തിരിക്കുന്നതാണ് നിര്‍മിതി. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രം അവതാര്‍ രണ്ടിന്റെ പുനരാവിഷ്‌കാരം കുട്ടികള്‍ക്ക് കൗതുകം സമ്മാനിക്കും. റോബോട്ടിക് സൂവും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍, ആദ്യകാല മിഠായികള്‍, വിപുലമായ പുസ്തക ശേഖരം, ഗൃഹോപകരണങ്ങള്‍, വിവിധ തരം ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റിലുണ്ട്. വനിതകള്‍ അടക്കം കാര്‍, മോട്ടോര്‍ ബൈക്ക് എന്നിവയില്‍ മരണകിണറില്‍ നടത്തുന്ന പ്രകടനവും ശ്രദ്ധേയമാണ്. ഡിസ്‌നി ലാന്‍ഡ്, ആകാശ ഊഞ്ഞാല്‍, ട്രാഗണ്‍ ട്രയിന്‍, ഡിസ്‌കോ എന്നിവയും കുട്ടികള്‍ക്കുളള വിവിധ റൈഡുകളും ഫെസ്റ്റിനെ വേറിട്ടതാക്കുന്നു.

Back to top button
error: Content is protected !!