പൊതു കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍: പ്രതിഷേധം സംഘടിപ്പിച്ച് എല്‍ഡിഎഫ്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പൊതു കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിച്ചതിനെതിരെ എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുന്നാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധിയില്‍ ഉള്‍പ്പെടുത്തി ചെളി നീക്കം ചെയ്ത് നവീകരിച്ച പൊതുകിണറിന്റെ സംരക്ഷണ ഭിത്തിയിലാണ് ഇടുക്കി ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണര്‍ വാര്‍ഡ് മെമ്പര്‍ റജീന ഷിഹാജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എം.എ റിയാസ് ഖാന്‍ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തി  നവീകരിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചും, പെയിന്റടിച്ചും ഉപയോഗപ്രഥമാക്കുകയായിരുന്നു. ഈ സംരക്ഷണ ഭിത്തിയിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ പതിച്ചതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് പോയതിന് ശേഷം പായിപ്ര പ്രദേശത്തിന് ഒരു രൂപയുടെ വികസനം പോലും ചെയ്യാത്ത എം.പി, അദ്ദേഹത്തിന്റെ പ്രവര്‍ത്തകരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കണമെന്നും, കിണറില്‍ പതിച്ച പോസ്റ്ററുകള്‍ അടിയന്തരമായി നീക്കം ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപെട്ടു. പൊതു ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണ സാമാഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനം കൂടിയാണ് ഉണ്ടായിട്ടുള്ളതെന്നും എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ലോക്കല്‍ സെകട്ടറി കെ.എന്‍ ജയപ്രകാശ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മറ്റി അഗവും രണ്ടാം വാര്‍ഡ് മെമ്പറുമായ സക്കീര്‍ ഹുസൈന്‍ സമരത്തിന് അധ്യക്ഷത വഹിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നൗഫല്‍ പി.എം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് അഗവുമായ എം.എ റിയാസ് ഖാന്‍, സിപിഐ ബ്രാഞ്ച് സെക്രട്ടറി റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!