ജനവാസ മേഖലയില്‍ നിന്ന് തുരത്തി, തിരികെയെത്തി വാഴത്തോട്ടം നശിപ്പിച്ച് കാട്ടാന

കോതമംഗലം: കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇഞ്ചത്തൊട്ടി വനത്തിൽ നിന്ന് പെരിയാർ കടന്നെത്തുന്ന ആനകൾ. കീരംപാറയിലെ ചാരുപാറയും കടന്ന് കവളങ്ങാട് തടിക്കുളം ഭാഗത്ത് തമ്പടിക്കുന്നതാണ് പതിവ്.

ഈ മേഖലകളിൽ കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയതോടെയാണ് വനം വകുപ്പ് ആനകളെ പെരിയാർ കടത്തി തിരികെ വനത്തിലെത്തിച്ചത്. ഇങ്ങനെ തുരുത്തിയ ആനകളിലൊന്നാണ് പെരിയാർ നീന്തിക്കടന്ന് വീണ്ടും ചാരുപാറയിലെത്തി വൻ കൃഷിനാശമുണ്ടാക്കിയത്. കർഷകനായ സിബിയുടെ വാഴത്തോട്ടത്തിൽ കയറി ചവിട്ട് മെതിച്ചു. പിന്നാലെ ചാരുപാറയുടെ മുകൾ ഭാഗത്ത് തമ്പടിക്കാൻ തുടങ്ങിയിരിക്കുകയാണ് കാട്ടാന. രണ്ടാം തവണയാണ് സിബിക്ക് ഈ ദുരനുഭവം. അദ്ധ്വാനം പാഴായതിന്‍റെ കടുത്ത വേദനയിലാണ് സിബിയുള്ളത്.

അതേസമയം പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങിയെന്ന് വനംവകുപ്പ് പ്രതികരിക്കുന്നത്. വനം വകുപ്പ് നടപടിക്ക് വേഗം പോരെങ്കിൽ സമരപരിപാടിയെന്നാണ് കീരപാറ പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്ന് കോതമംഗലം എംഎൽഎ പറഞ്ഞു. ഫെൻസിംഗിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രതികരണം.

Back to top button
error: Content is protected !!