ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: മൂവാറ്റുപുഴയില്‍ വ്യാപക പ്രതിഷേധം

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഗതാഗത വകുപ്പ് നടപ്പിലാക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മൂവാറ്റുപുഴയിലും വ്യാപക പ്രതിഷേധം. മോട്ടോര്‍ വാഹന വകുപ്പിന്റെ പെരിങ്ങഴയില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം നടത്തിയത്. ഗതാഗത വകുപ്പിന്റെ 2024ലെ വിചിത്ര വിജ്ഞാപനം പിന്‍വലിക്കുക, ഡ്രൈവിംഗ് സ്‌കൂളുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസ്സോസിയേഷന്‍ മൂവാറ്റുപുഴ യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ആര്‍ടിഒ ഓഫീസിന് കീഴില്‍ 53 ഡ്രൈവിംഗ് സ്‌കൂളാണ് ഉള്ളത്. ഇതില്‍ പെരിങ്ങഴയില്‍മാത്രം 45 ഓളം ആളുകളാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളുടെ സംയുക്ത പ്രതിഷേധത്തെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്താതെ മടങ്ങി പോവുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഉയര്‍ത്തുന്നത്. കിലോമീറ്റര്‍ അകലെ നിന്നു വരെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ടെസ്റ്റിന് എത്തിയവര്‍ പറഞ്ഞു. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിയമം പിന്‍വലിക്കുക, പുതിയ ഡ്രൈവിംഗ് സംവിധാനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചതിനുശേഷം നിയമം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഉന്നയിച്ചത്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന പലരുടെയും ഉപജീവനമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് ഡ്രൈവിംഗ് സ്‌കൂളിലെ തൊഴിലാളികള്‍ പറഞ്ഞു. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും സമരം തുടരുമെന്ന് മൂവാറ്റുപുഴ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!