നടുക്കരയില്‍ കുടിവെള്ള ക്ഷാമം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് നടുക്കര പ്രദേശത്ത് ദിവസങ്ങളായി ജലം ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം സെല്‍ബി പ്രവീണിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞ പതിനഞ്ച് ദിവസമായി നടുക്കര പ്രദേശത്ത് അടിസ്ഥാന ആവിശ്യങ്ങള്‍ക്ക് പോലും ജനങ്ങള്‍ക്ക് ജലം ലഭിക്കാത്ത സാഹചര്യമാണുള്ളത്. വാട്ടര്‍ അതോറിറ്റി അറ്റകുറ്റ പണികള്‍ നടക്കുന്നു, പമ്പ്‌സെറ്റ് പോരായ്മ തുടങ്ങിയ കാരണങ്ങളാല്‍ പമ്പിംഗ് നടത്താന്‍ സാധിക്കുന്നില്ല എന്നാണ് അധികൃതര്‍ അറിയിച്ചത് എന്നാല്‍ രണ്ട് പമ്പ്‌സെറ്റുകള്‍ ഉള്‍പ്പെടെ ഒന്നര വര്‍ഷകാലമായി ഉപയോഗിക്കാതെ കിടക്കുന്നു എന്ന് ചൂണ്ടി കാണിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഉപരോധം നടത്തിയത്.

ഉപരോധ സമരത്തില്‍ എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത്, എഐറ്റിയുസി ജില്ലാ കമ്മിറ്റി അംഗം വി എസ് അനസ്, എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം ജോയിന്റ് സെക്രട്ടറി സൈജല്‍ പാലിയത്ത്,എഐവൈഎഫ് ആവോലി മേഖല സെക്രട്ടറി അബില്‍ മാത്യു, ഗൗതം കൃഷ്ണ, ക്രിസ്റ്റി റോയി, എന്നിവര്‍ നേതൃത്വം നല്‍കി. ഉപരോധത്തെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും രണ്ട് ദിവസത്തിനുള്ളില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ജലസേചനം നടത്തുന്നതാണെന്ന് അറിയിക്കുകയും ചെയ്തു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

 

Back to top button
error: Content is protected !!