ഡോക്ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക്: പ്രതിഷേധത്തെ തുടർന്ന് വിവാദ സർക്കുലർ പിൻവലിച്ചു

കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തിയ വിവാദ വിജ്ഞാപനം ആരോഗ്യ വകുപ്പ് പിന്‍വലിച്ചു. വിജ്ഞാപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഐഎംഎയും, കെജിഎംഒയും ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് വിജ്ഞാപനം ഇറക്കിയത്. ഈ മാസം 13നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പെരുമാറ്റ ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. പിന്നാലെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്തെത്തി. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ മുന്നറിയിപ്പ്. അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടര്‍മാരുടെ സംഘടന വിമര്‍ശിച്ചു.

 

Back to top button
error: Content is protected !!