മൂവാറ്റുപുഴ – കിഴക്കേക്കര – ആശ്രമം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: സിപിഎം

മൂവാറ്റുപുഴ: യാത്ര ചെയ്യാനാവാത്ത വിധം തകര്‍ന്ന് കിടക്കുന്ന മൂവാറ്റുപുഴ – കിഴക്കേക്കര – ആശ്രമം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദിവസേന സഞ്ചരിക്കുന്ന റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. നഗരത്തില്‍ ഗതാതകുരുക്ക് രൂക്ഷമാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന പ്രധാന ബൈപാസുകളില്‍ ഒന്നാണിത്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി. രണ്ടു വര്‍ഷം മുന്‍പുള്ള ബജറ്റില്‍ റോഡിന് പണം അനുവദിച്ചിരുന്നതായും നാളിതുവരെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും സിപിഎം ഏരിയ കമ്മിറ്റിയംഗം സജി ജോര്‍ജ് പറഞ്ഞു. ലോക്കല്‍ സെക്രട്ടറി പി.എം. ഇബ്രാഹിം, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.ജി. ലാലു, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.യു. പ്രസാദ്, സി.എസ്. നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!